പെരുമഴയ്ക്ക് ശമനം! കേരളത്തിന് ആശ്വാസ വാർത്തയായി കേന്ദ്ര കാലാവസ്ഥ പ്രവചനം; നാളെ മുതൽ മഴയുടെ ശക്തി കുറയും; ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ, റെഡ് അലർട്ട്

തിരുവനന്തപുരം: പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. നാളെ മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നിലവിൽ വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ മുതൽ എവിടെയും റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ഇല്ല. നാളെ (ജൂൺ 10) വടക്കൻ ജില്ലകളിൽ മാത്രമായി മഴ പരിമിതപ്പെടുമെന്നും എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മഞ്ഞ അലർട്ട് മാത്രമായിരിക്കും നിലവിലുണ്ടാകുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. മറ്റ് ഒൻപത് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top