‘സാമ്പത്തിക ബാധ്യതയാകും’; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല, തീരുമാനം ഉപേക്ഷിക്കാൻ സർക്കാർ

തിരുവനന്തപുരം: എൻടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാൻ സർക്കാർ. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല. യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയാൽ പ്രതിദിനം 12 കോടിക്ക് മുകളിൽ ചെലവ് വരുമെന്ന് ചൂണ്ടികാട്ടി കെഎസ്ഇബി റിപ്പോർട്ട് നൽകി. എൻടിപിസി വഴി വൈദ്യുതി വാങ്ങിക്കുമ്പോഴുണ്ടാകുന്ന ബാധ്യതയെ കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി എംഡി എം ജി രാജമാണിക്യം പറഞ്ഞു.
എൻടിപിസിയിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു നീക്കം. ഇതിന് സർക്കാർ അനുമതിയും നൽകിയിരുന്നു. എന്നാൽ ഇങ്ങനെ വാങ്ങിയാൽ കെഎസ്ഇബിക്ക് അത് വലിയ സാമ്പത്തിക ബാധ്യത ആകും. ഇതോടെയാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന സാഹചര്യം ബോർഡ് സർക്കാരിനെ അറിയിച്ചത്. വൈദ്യുതി വാങ്ങുന്നതിൽ എല്ലാ വശവും പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം. ഉത്തരേന്ത്യയിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടി പരിശോധിച്ച ശേഷമാകും തീരുമാനം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സാഹചര്യം ഒഴിവാക്കാനാണ് പരമാവധി ശ്രമം നടക്കുന്നത്.നാളെയോടെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുമെന്ന് വിലയിരുത്തൽ. കേന്ദ്രനിലയങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ആണവനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യമാക്കാനും ശ്രമമുണ്ട്. എൻപിസിഐഎൽ സിഎംഡി യുമായി കെഎസ്ഇബി സിഎംഡി എം ജി രാജമാണിക്യം കൂടിക്കാഴ്‌ച നടത്തും. ഇതിനായി എം ജി രാജമാണിക്യം നാളെ ഡൽഹിയിലേക്ക് തിരിക്കും.മഴ കുറഞ്ഞതും ഉയർന്ന താപനിലയും മൂലം വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷത്തേക്കാൾ 1000 മെഗാവാട്ടിൽ അധികം ആവശ്യകതയാണ് ഈ സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.
ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top