കൊച്ചി: ശബരിമല സ്വർണക്കൊളള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം ഹൈക്കോടതി നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായി 41 ദിവസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയോ നേരിട്ടുളള പങ്കോ തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ തൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് കണ്ഠരര് രാജീവര് ആരോപിച്ചിരുന്നു. യുവതീ പ്രവേശനത്തെ എതിർത്തതാണ് തൻ്റെ അറസ്റ്റിന് കാരണമായതെന്നാണ് കണ്ഠരര് രാജീവരരുടെ വാദം. താൻ ശബരിമലയിൽ ആചാരാനുഷ്‌ഠാനങ്ങൾ പാലിക്കുന്നയാളാണ്. അതിനാലാണ് യുവതീ പ്രവേശനം എതിർത്തത്. ഒപ്പം എല്ലാ ദിവസം ക്ഷേത്രം തുറക്കമെന്ന അഭിപ്രായവും താൻ എതിർത്തു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് തന്ത്രിയുടെ വാദം.കണ്ഠരര് രാജീവരർക്ക് കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മാധ്യമങ്ങളോട് പ്രതികരിക്കരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, ആഴ്ച്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
ശബരിമല സ്വർണക്കൊളള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല


