ഹരിപ്പാട് പരിശോധനയ്ക്കായി വാഹനം നിർത്താതിരുന്നതിൻ്റെ പേരിൽ കസ്‌റ്റഡിയിലെടുത്ത നഴ്‌സിങ് വിദ്യാർഥിയെ ലഹരിക്കടത്ത് ആരോപിച്ചു പൊലീസ് മർദിച്ചതായി പരാതി. ബെംഗളൂരുവിൽ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയായ പായിപ്പാട് പുത്തൻ പറമ്പിൽ മുഹമ്മദ് യാസിൻ (20) പൊലീസ് മർദനത്തെത്തുടർന്ന് 3 ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നു പിതാവ് അബ്‌ദുൽ ഖാദർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകി. എന്നാൽ വാഹനത്തിൽ അനധികൃത മോഡിഫിക്കേഷൻ വരുത്തിയതിനും അശ്രദ്ധമായി ഓടിച്ചതിനുമാണു
കസ്‌റ്റഡിയിലെടുത്തതെന്നും മർദിച്ചിട്ടില്ലെന്നുമാണു വീയപുരം പൊലീസിന്റെ വിശദീകരണം.
22ന് രാവിലെ 11.30ന് കരുവാറ്റ ആയാപറമ്പ് മങ്കുഴി റെയിൽവേ അടിപ്പാതയ്ക്കു സമീപം വാഹനപരിശോധനയ്ക്കിടെയായിരുന്നു സംഭവം. കാറിൽ മുഹമ്മദ് യാസിനൊപ്പം സുഹൃത്ത് അശ്വിനും ഉണ്ടായിരുന്നു. പൊലീസ് കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. നമ്പർ നോക്കി പൊലീസ് യുവാവിൻ്റെ ഫോണിൽ ബന്ധപ്പെട്ടു സ്‌റ്റേഷനിലേക്കു വരാൻ നിർദേശിച്ചു. അങ്ങോട്ടു വരുന്നതിനിടെ റോഡിൽവച്ച് പിടികൂടി ക്രൂരമായി മർദിച്ചെന്നാണു യുവാവിൻ്റെ പരാതി. യാസിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. ലഹരിവസ്‌തുക്കൾ എന്തെങ്കിലുമുണ്ടോയെന്നു കാറിൽ പരിശോധനയും നടത്തി. പക്ഷേ തെളിവൊന്നും ലഭിച്ചില്ല. മർദനം മൂലമുള്ള പരുക്കിനെക്കാൾ ലഹരികടത്താൻ ശ്രമിച്ചെന്ന തരത്തിലുള്ള നടപടികളാണു മാനസികമായി തകർത്തതെന്നു മുഹമ്മദ് യാസിൻ പറഞ്ഞു.
അതേസമയം, യാസിൻ്റെ സുഹൃത്ത് അശ്വിൻ കാറിലിരുന്ന് കഞ്ചാവ് ബീഡി വലിച്ചിരുന്നെന്നും പരിശോധനയിൽ കഞ്ചാവ് ബീഡി കണ്ടെടുത്തെന്നുമാണ് പൊലീസ് പറയുന്നത്. അശ്വിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


