തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കി. ഇനി വൃദ്ധസദനങ്ങൾ എന്ന പേര് ഉണ്ടാകില്ല. മനുഷ്യാവകാശ കമ്മീഷൻ നിർദേശം കണക്കിലെടുത്താണ് നടപടി.ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു.
നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.വൃദ്ധർ എന്ന പേര് മുതിർന്ന പൗരന്മാരിൽ അപകർഷതാ ബോധം ഉണ്ടാക്കുന്ന സാഹചര്യത്തിൽ വർധിക്കുന്ന വയോജന ജനസംഖ്യ പരിഗണിച്ച് വൃദ്ധസദനം എന്ന പേര് മാറ്റി മുതിർന്ന പൗരന്മാരുടെ ഭവനം എന്ന് പുനർനാമകരണം ചെയ്യണമെന്ന പരാതിയിലാണ് ഉത്തരവ്. 247/2024/SJD എന്ന സർക്കാർ ഉത്തരവ് പ്രകാരം 2024 ഡിസംബർ രണ്ടിന് വൃദ്ധസദനത്തിന്റെ പേര് സ്നേഹാലയം എന്ന് മാറ്റിയതായി ഡയറക്ടർ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും വ്യദ്ധസദനം എന്നാണ് ഉപയോഗിക്കുന്നത് പ്രൊഫ. വർഗീസ് മാത്യു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വൃദ്ധസദനങ്ങൾ എന്ന പേര് ഇനിയില്ല; ‘സ്നേഹാലയം’ എന്നു മാറ്റി സർക്കാർ ഉത്തരവ്


