കണ്ണൂർ: 25 വർഷമായി പോലിസിനെ വെട്ടിച്ച് ഒളിവിലിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ കണ്ണൂർ സിറ്റി പോലിസിൻ്റെ വലയിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി എച്ച് അഷ്റഫിനെയാണ് (58) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
2001 ഡിസംബർ 11നാണ് പാനൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ വേറ്റുമ്മലിൽ വെച്ച് രതീഷിനെ ഒരു സംഘം അക്രമിച്ചത്. ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് രതീഷ് മരിച്ചു. സിഎച്ച് അഷ്റഫൊഴികെയുള്ള പത്ത് പ്രതികളെ പോലിസ് പിന്നീട് പിടികൂടി. അന്നു മുങ്ങിയ അഷ്റഫിനെ പിന്നെ പിടികൂടാൻ കഴിഞ്ഞില്ല.
സ്വന്തം നാടുമായും ബന്ധുക്കളുമായും യാതൊരു ബന്ധവും പുലർത്താതിരുന്ന പ്രതി, ആദ്യത്തെ 10 വർഷം പേരുവിവരങ്ങൾ മാറ്റി മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നീ സ്ഥലങ്ങളിൽ മാറി മാറി തട്ടുകട നടത്തി ജീവിച്ചു വരികയായിരുന്നു. അവിടെ പുതിയ കുടുംബത്തോടൊപ്പം പേര് മാറ്റാതെ പുതിയ വിലാസത്തിൽ താമസിക്കുകയായിരുന്നു.
ഒടുവിൽ കണ്ണൂർ കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി യുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് പയ്യന്നൂരിൽ വെച്ച് അഷ്റഫിനെ പിടികൂടിയത്. പയ്യന്നൂർ തളിപ്പറമ്പ് റൂട്ടിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി തട്ടുകട നടത്തിയ അഷ്റഫ് തങ്ങൾ തിരയുന്ന അഷ്റഫാണെന്ന് ഉറപ്പിക്കാൻ അന്വേഷണ സംഘം പാടുപെട്ടു. 25 വർഷം മുമ്പുള്ള അഷ്റഫിൻ്റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. പയ്യന്നൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ, ഇന്ന് പുലർച്ചെ കുറുമാത്തൂർ നിടുമുണ്ട എന്ന സ്ഥലത്ത് വെച്ച് പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘം ചോദിച്ചപ്പോൾ തന്നെ അഷ്റഫ് എല്ലാം തുറന്നു സമ്മതിച്ചു.


