ആലപ്പുഴയിൽ അധ്യാപികയ്ക്ക് അണലിയുടെ കടിയേറ്റു

ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള സംഭവങ്ങൾ തുടർക്കഥയാകുന്നു.
ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പാമ്പുകടിയേറ്റുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടിൽ സിന്ധുവിനാണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ രാത്രി വീടിന് മുൻവശത്തെ ഗേറ്റ് അടയ്ക്കാൻ പുറത്തിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്. അണലിയാണ് സിന്ധുവിനെ കടിച്ചത്. തുടർന്ന് സിന്ധുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻ്റിവെനം നൽകിയിട്ടുണ്ട്. നങ്ങ്യാർകുളങ്ങര എസ്എൻ ട്രസ്റ്റ് സ്‌കൂളിലെ അധ്യാപികയാണ് സിന്ധു.ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പുകടിയേറ്റു. കാറളം പുല്ലത്തറ സെന്റ്ററിന് സമീപം വെള്ളേപറമ്പിൽ വീട്ടിൽ പ്രസീതക്കാണ് രാവിലെ പാമ്പുകടിയേറ്റത്. പറമ്പിലെ പുല്ല് നീക്കംചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ വീട്ടുക്കാർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ തന്നെ താണിശ്ശേരി കനാൽ ബണ്ടിന് സമീപത്തുവെച്ചാണ് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷ് എന്നയാൾക്ക് പാമ്പുകടിയേറ്റത്. കിണർ നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം ജോലിക്കായി സാധനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനായി താണിശ്ശേരിയിൽ എത്തിയതാണ്. സാധനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഇദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ചിറയിൻകീഴിൽ വയോധികന് പാമ്പുകടിയേറ്റു. പെരുംകുഴി സ്വദേശി ഭുവനചന്ദ്രൻ ആണ് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആൻ്റിവെനം നൽകി. തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പാമ്പുകളെ പിടികൂടുകയും ചെയ്തു. കണ്ണൂർ താഴെ ചൊവ്വയിൽ പഴക്കടയിൽ നിന്ന് മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. ഇരുട്ട് മുറിയിൽ കച്ചവടക്കാർക്ക് പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പഴക്കുലകൾ മാറ്റിക്കൊണ്ടിരിക്കവേയാണ് പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. വനം വകുപ്പ് സ്നേക്ക് റെസ്ക്യുവർ എത്തി പാമ്പിനെ പിടികൂടി. കോഴിക്കോട് കാരശ്ശേരി അങ്കണവാടിക്ക് സമീപം പാമ്പിനെ കണ്ടെത്തി. അങ്കണവാടിക്ക് തൊട്ടടുത്ത വീട്ടുവളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് അങ്കണവാടിക്ക് സമീപമാണ് സംഭവം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വനം വകുപ്പിന് കീഴിലുള്ള സ്നേക്ക് റെസ്ക്യുവർ എത്തി പാമ്പിനെ പിടികൂടി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top