കുറ്റ്യാടിയിൽ വീടിനുള്ളിൽ പാമ്പുകൾ; ഒറ്റ ദിവസം കണ്ടെത്തിയത് അഞ്ച് ശംഖുവരയൻ പാമ്പുകളെ

കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തി. കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്.
അതിനിടെ പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലിൽ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്തെന്ന് വീട്ടുകാർ അറിയിച്ചു. വീടിൻ്റെ ബാത്റൂമിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
കോഴിക്കോട് പൂനൂരിലും പാമ്പുകടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പൂനൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ മുഹമ്മദ് അൻസാറിനാണ് പാമ്പുകടിയേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിടക്കയിൽ പാമ്പിനെ കണ്ടതോടെ ശരീരം പരിശോധിച്ചപ്പോഴാണ് കടിയേറ്റിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കണ്ണൂർ പട്ടുവത്ത് പാമ്പ് കടിയേറ്റ വയോധിക ഗുരുതരാവസ്ഥയിലാണ്. പട്ടുവും കാവുങ്കലിലെ നബ്രോൻ നാരായണി പരിയാരത്താണ് ചികിത്സയിലുളളത്. ഇന്നലെ വൈകുന്നേരമാണ് നാരായണിക്ക് കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത് എന്നാണ് നിഗമനം.പട്ടുവത്ത് പാമ്പ് കടിയേറ്റ് മറ്റൊരു വയോധിക ഇന്നലെ മരിച്ചിരുന്നു. മുതുകുട സ്വദേശി നഫീസയാണ് മരിച്ചത്. നഫീസയുടെ വീട്ടിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീട്ടിനകത്ത് നിറയെ മാളങ്ങൾ ഉളളതായി കണ്ടെത്തി. നഫീസയെയും ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം.
ഇടുക്കി തൊടുപുഴയിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കാഞ്ഞാർ താനിയ്ക്കപ്പാറയിൽ വിശാലാക്ഷി(86)ആണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വിശാലാക്ഷി പാമ്പുകടിയേറ്റ ഉടൻ അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top