കൊച്ചി: ഹർത്താലിലെ അതിക്രമത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശം. ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഹർത്താൽ ആഹ്വാനം ചെയ്‌തവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലാണ് ഇന്ന് ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ ആഹ്വാനം ചെയ്‌തത്. ചില സ്ഥലങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് ഗതാഗതകുരുക്കുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് ഗതാഗതക്കുരുക്കുണ്ടായത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ (വിഐടിഇഇ) എഴുതേണ്ട വിദ്യാർത്ഥികളെയും ഹർത്താൽ പ്രതികൂലമായി ബാധിച്ചു.തമ്പാനൂരിൽ കെഎസ്ആർടിസി ബസ് ടെർമിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു. കൊല്ലത്ത് കുണ്ടറയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, പ്രതികളെ സർവീസിൽ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയെ പ്രതി ചേർക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ ഉന്നയിച്ചത്.നിരവധി ജാതി അധിക്ഷേപ പരാതികൾ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജിൽ അത്തരം വിവേചന സമീപനങ്ങൾ ഉണ്ടാകുന്നില്ലെന്നും പ്രതികൾ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂർ ഡെന്റൽ കോളേജ് മാനേജ്മെൻ്റിൻ്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹർത്താൽ നടത്തുന്നതെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞിരുന്നു.
ഹർത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി


