സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ചിക്കൻ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാൻ ആലോചിച്ച് തമിഴ്‌നാട് സർക്കാർ. ഓഗസ്റ്റ് 5ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി മന്ത്രി വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ 80-ലധികം അധ്യാപക സംഘടനാ പ്രതിനിധികൾ ഉന്നയിച്ച നിരവധി ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ നിർദ്ദേശം. ഈ നിർദ്ദേശം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണനയിലാണെന്നും സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹൻ അറിയിച്ചു.
ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയർത്താനും ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്താനും സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് അധ്യാപക പ്രതിനിധികൾ പറയുന്നു. ബിരിയാണി വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം സാമൂഹികക്ഷേമ-വനിതാ ശാക്തീകരണ വകുപ്പിനെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കുമെന്ന് വകുപ്പിലെ ഉന്നത വൃത്തങ്ങൾ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇതിന് പുറമെ, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കൂടി നൽകണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഉള്ളത്. ഏകദേശം 32 ലക്ഷം കുട്ടികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top