സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി അരമണിക്കൂർ വൈദ്യുത നിയന്ത്രണം. വൈകിട്ട് ആറു മണി മുതൽ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂർ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന കെഎസ്‌ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വൈദ്യുതി പ്രതിസന്ധി വിലയിരുത്താനാണ് ഉന്നതതല യോഗം ചേർന്നത്. ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐ എ എസ്-ന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവ്വഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കെഎസ്‌ഇബി. വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായും ഒഴിവാക്കണമെന്നും ചാർജിങ് പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നുമാണ് കെ എസ് ഇ ബി നിർദ്ദേശിച്ചിരിക്കുന്നത്. എ സി യുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും
എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണമെന്നും കെ എസ് ഇ ബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഡക്ഷൻ കുക്കറിൻ്റെ ഉപയോഗം പീക്ക് ടൈമിൽ ഒഴിവാക്കുക, വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെ എസ് ഇ ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top