വൈദ്യുതി ബില്ലിൽ ഇത്തവണയും സർചാർജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും

വൈദ്യുതി വാങ്ങിയതിൽ അധിക ബാധ്യതയെത്തുടർന്ന് നഷ്ടം ഉപഭോക്താവിൽ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്‌ഇബി. വൈദ്യുതി ബില്ലിൽ ഇത്തവണയും സർചാർജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാനാണ് തീരുമാനം
ഉപഭോഗം വർധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവിൽ നിന്ന് ഈടാക്കുക. ജൂൺ മാസത്തെ ബില്ലിൽ സർചാർജായി യൂണിറ്റിന് രണ്ട് പൈസ വീതം ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പുറത്തു നിന്ന് ബെദ്യുതി വാങ്ങിയ വകയിൽ 5.45 കോടിയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബില്ലിൽ ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു.
മാർച്ച് മാസത്തെ അധികബാധ്യതയായി 1.19 കോടി സമാഹരിക്കാനായിരുന്നു യൂണിറ്റിന് ഒരു പൈസ സർചാർജ് ഈടാക്കിയത്. മാർച്ച് മുതൽ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ടിന് മുകളിലെത്തിയിരുന്നു. ജനുവരിയിൽ ഈടാക്കിയ ഇന്ധന സർചാർജ് മാർച്ച് മാസത്തെ ബില്ലിൽ ചരിത്രത്തിലാദ്യമായി ഉപഭോക്താവിന് തിരികെ നൽകുകയുണ്ടായി. ബാധ്യത കൂടുന്നതനുസരിച്ച് പരിധിയില്ലാതെ സർചാർജ് പിരിക്കാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ട്. 2022 മുതൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയ വകയിൽ പ്രതിവർഷം 10,000 കോടിക്ക് മുകളിലെത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലിത് 12,000 കോടിക്ക് മുകളിലെത്തുകയും ചെയ്തതോടെയാണ് കെഎസ്ഇബിക്ക് അധിക ബാധ്യതയായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top