‘ഗുരുവായൂർ ദേവസ്വത്തിൻ്റെ കണക്കുകളിൽ ഗുരുതര പോരായ്മ‌’; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകളിൽ ഗുരുതര പോരായ്‌യെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശനമുണ്ടായിരിക്കുന്നത്. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവൻ്റേതാണെന്നും ദേവസ്വം സമിതി കമ്മിറ്റി വെറും വിശ്വസ്തരെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂർ ദേവസ്വത്തിൽ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ഓഡിറ്റ് സംവിധാനത്തിൽ ഘടനാപരമായ വീഴ്‌ചകളുണ്ട്. അടിയന്തര പരിഷ്കരണം വേണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിലെ കാലതാമസത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം സജീവമാണ്. വിവരക്കുറവാണ് ഓഡിറ്റിന് തടസ്സമെന്നും നിരീക്ഷണമുണ്ട്. ഡിജിറ്റൽ ഓഡിറ്റിനായി കേന്ദ്രീകൃത സോഫ്റ്റ്വെയറും ഓഡിറ്റ് ലോഗിനും വേണമെന്ന ശുപാർശയും കോടതി മുന്നോട്ട് വെക്കുന്നുണ്ട്. 10 ദിവസത്തിനകം സ്വീകരിച്ച നടപടികൾ സത്യവാങ്‌മൂലമായി അറിയിക്കാനാണ് ദേവസ്വത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകിയിരിക്കുന്നത്.ഗുരുവായൂർ ദേവസ്വത്തിന്റെ വാർഷിക കണക്കെടുപ്പിലെ വീഴ്‌ചയിൽ കഴിഞ്ഞ ദിവസം കോടതി വിമർശനം രേഖപ്പെടുത്തിയിരുന്നു. വാർഷിക കണക്കുകൾ ഓഡിറ്ററെ അറിയിക്കുന്നതിൽ എന്തുകൊണ്ടാണ് വീഴ്ച എന്നാണ് ഹോക്കോടതി ചോദിച്ചത്. വരവ് ചെലവ് കണക്കുകൾ കൃത്യമായി നൽകാത്തതെന്തെന്ന് ചോദിച്ച കോടതി കണക്കുകൾ സൂക്ഷിക്കാൻ ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്നും വിമർശിച്ചിരുന്നു. സാമ്പത്തിക വർഷം പൂർത്തിയായി 15 ദിവസത്തിനകം കണക്കുകൾ നൽകേണ്ടതാണ്. എന്നാൽ അത് ഉണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിലേക്ക് ഒരു രൂപ വന്നാലും ഒരു കോടി രൂപ വന്നാലും അതിന്റെ കണക്കുകൾ കൃത്യമായിരിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രതിവർഷം ജൂൺ 30 ന് മുൻപ് ദേവസ്വത്തിന്റെ സ്വർണമുൾപ്പടെയുള്ള സ്വത്തുക്കളുടെ മൂല്യനിർണയം നടത്തണം എന്ന നിർദേശവും ഹൈക്കോടതി ദേവസ്വം ബെഞ്ച് നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top