കണ്ണൂർ: ദുരൂഹമായി മൃതദേഹം കണ്ടെത്തിയ കണ്ണൂർ വാണിയപ്പാറ ഉണ്ണി മിശിഹാ ദേവാലയത്തിലെ കല്ലറ തുറന്നു പരിശോധിക്കാൻ പൊലീസ്. പള്ളി വികാരിയും ഇടവക അംഗങ്ങളും കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പൊലീസ് നീക്കം. കുറ്റ്യാടി സ്വദേശിയായ സിജോ സ്‌കറിയ എന്നയാളുടെ കുടുംബം കൂടി അന്വേഷണം ആവശ്യപ്പെട്ട രംഗത്തെത്തിയിട്ടുണ്ട്. 2014 മുതലാണ് സിജോയെ കാണാതാവുന്നത്.
കല്ലറയിൽ ദുരൂഹമായി കണ്ടെത്തിയ മൃതദേഹത്തിന് സിജോയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. പൊലീസ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തത് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിലങ്ങാട് സ്വദേശി സിജോ 2014ൽ വാണിയപ്പാറയിലെ ബന്ധുവീട്ടിൽ പോയിരുന്നു. അവിടെ നിന്നാണ് കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കാണാതായി 7 വർഷത്തിന് ശേഷമാണ് ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്. സിജോ ഭാര്യവീട്ടിലാണെന്ന് വിലങ്ങാട്ടുള്ള ബന്ധുക്കളും, സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും കരുതിയതാണ് പരാതി നൽകാൻ വൈകിയതിന് കാരണമായി പറഞ്ഞത്. കടയിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാൽ അന്ന് അന്വേഷണത്തിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും പരാതി നൽകുമെന്ന് സിജോയുടെ ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ വാണിയപ്പാറയിലെ ഇൻഫാൻ്റ് ജീസസ് പളളിയിലെ കല്ലറയിൽ ദുരൂഹതയുണർത്തുന്ന സംഭവമുണ്ടായത്. സെമിത്തേരിയിൽ ഒരു മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്‌തു കണ്ടെത്തുകയായിരുന്നു. മൃതദേഹമാണ് സംശയം ഉയർന്നതോടെ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.പരാതി ലഭിച്ചാൽ കല്ലറ തുറന്ന് പരിശോധിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഈ കല്ലറയിൽ അടക്കിയവരുടെ ബന്ധുക്കൾ കല്ലറ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും സംശയമുണ്ടെങ്കിൽ പുറത്തെടുത്ത് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.കല്ലറയിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികളും രംഗത്തെത്തി. ക്രിസ്ത്യൻ ആചാര പ്രകാരം ഒരു മൃതദേഹത്തിന് മേൽ മറ്റൊരു മൃതദേഹം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും സംഭവം അറിഞ്ഞവർ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. എന്നാൽ പളളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പറഞ്ഞു.നിയമപരമായി മുന്നോട്ടുപോകണമെന്നാണ് പള്ളിയുടെ നിലപാട്. 2006-ലും 2015-ലും ഈ കല്ലറയിൽ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015-ൽ ദുരൂഹ കല്ലറയിൽ അടക്കിയ ജെയിംസിന്റെ ഭാര്യ സെമിത്തേരിയിൽ എത്തി. 38-ാം നമ്പർ കല്ലറയിലാണ് ജെയിംസിനെ അടക്കിയതെന്ന് കുടുംബം അറിയിച്ചു. ദുരൂഹത ഉയർത്തിയ കല്ലറ തന്നെയാണ് ജെയിംസിന്റെ ഭാര്യ തൊട്ടുകാണിച്ചത്.
കാണാതായത് 2014ൽ, കല്ലറയിലുള്ളത് സിജോയുടെ മൃതദേഹമോ? വിശദ പരിശോധനയ്ക്ക് പൊലീസ്


