ന്യൂഡൽഹി • ഡൽഹി മെഹ്റോളിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവറായ ബബ്ലു (25) എന്നയാളെ മെഹ്റോളി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുന്നത്. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ടാക്സി ഡ്രൈവറെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിൽ, നാല് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് വലയിലാക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മെഹ്റോളിയിലെ സിഡിആർ ചൗക്കിനു സമീപമുള്ള ഫുട്പാത്തിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ വെളിപ്പെടുത്തി. തുടർന്ന് ഗുരുഗ്രാം ഭാഗത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെഹ്റോളിയിലെ വനമേഖലയിൽ നിന്നാണ് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ബിഹാറിൽ നിന്നുള്ളതാണ് പെൺകുട്ടിയുടെ കുടുംബം. മുൻപ് വാടകവീട്ടിലായിരുന്നു താമസമെങ്കിലും അത് നഷ്ടപ്പെട്ടതോടെ ഇവർ തെരുവോരത്താണ് കഴിഞ്ഞിരുന്നത്. മാതാപിതാക്കൾ ദിവസക്കൂലി തൊഴിലാളികളാണ്. കൊല്ലപ്പെട്ട പത്തുവയസ്സുകാരി തെരുവിൽ ബലൂണുകൾ വിറ്റാണ് മാതാപിതാക്കളെ സഹായിച്ചിരുന്നത്. ഈ പെൺകുട്ടി ഉൾപ്പെടെ നാല് മക്കളാണ് ഇവർക്കുള്ളത്.


