ബംഗളൂരു: റീൽസ് വീഡിയോ ചിത്രീകരിക്കാൻ പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാനുള്ള യുവതിയുടെ ശ്രമം ജീവനക്കാർ പൊളിച്ചു. ബെംഗളൂരുവിലെ ബിസിനസ് ഡിസ്ട്രിക്റ്റിലെ സദാശിവനഗറിലുള്ള കൊറിയർ ഓഫീസിൽ കഴിഞ്ഞദിവസമാണ് സംഭവം. പിതാവിനെ കൊറിയർ ചെയ്യാനായി യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും കൊറിയർ ഓഫീസിൽ എത്തിയിരുന്നു.
പാഴ്‌സലിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ജീവനക്കാർ കെട്ടഴിച്ചു നോക്കിയപ്പോഴാണ് അതിനകത്തുനിന്നു ഒരാൾ ജീവനോടെ പുറത്തുവന്നത്. ഇതേകുറിച്ച് യുവതിയോട് ചോദിച്ചപ്പോൾ റീൽസ് വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിൽ കയറ്റിയതെന്നായിരുന്നു മറുപടി. റംസാൻ, ഉഗ്രാഡി സീസണിൽ യാത്രാ ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ കൊറിയർ അയയ്ക്കുന്നതാണ് ഏകമാർഗമെന്ന് ജനങ്ങളെ കാണിക്കാനാണ് റീലെടുക്കുന്നതെന്നു യുവതി പറഞ്ഞു.
കൊറിയറിൽ അയക്കാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ പിന്നെന്തിനാണ് സ്ഥാപനം നടത്തുന്നതെന്നായിരുന്നു യുവതിയുടെ മറുചോദ്യമെന്ന് പറയുന്നു. പിതാവിനെ കൊറിയർ ചെയ്യാൻ സാധിക്കുന്ന മറ്റൊരു കൊറിയർ ഏജൻസി കണ്ടെത്താമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയത്. ഇതോടെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ഇതിൽ മാപ്പ് പറയിപ്പിക്കുകയും അത്തരത്തിൽ റീൽ പോസ്റ്റ് ചെയ്യിപ്പിച്ച ശേഷം അവരെ പറഞ്ഞുവിടുകയുമായിരുന്നു.
റീൽസ് കൂട്ടുന്നതിന് പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയറിലയക്കാൻ യുവതിയുടെ ശ്രമം; പൊളിച്ചടക്കി ജീവനക്കാർ


