തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ഡ്രൈ ഡേ ആചരണം. ഇന്ന് സ്‌കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച്‌ച വീടുകളിൽ ശുചീകരണം യജ്ഞം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് നിപ, ഷിഗല്ല, ഡെങ്കി എന്നിവ പടരുന്ന സാഹചര്യമുണ്ട്.
എബോള സംശയിക്കുന്ന കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന സ്ത്രീയുടെ പരശോധനഫലം വരാനിരിക്കുകയാണ്. പ്രത്യേക ഐസോലേഷൻ വാർഡിലുള്ള ഇവർ സൗത്ത് സുഡാനിൽ നിന്ന് കഴിഞ്ഞ് ദിവസമാണ് കേരളത്തിലെത്തിയത്. ഇവരെ പനിയെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട് നിപ ബാധിതൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുമ്പാണ് നിപ ബാധിതനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നിലവിൽ നിരീക്ഷണത്തിൽ മൂന്ന് പേരുണ്ട്. ഇവരുടെ പരിശോധനാ ഫലവും ഉടൻ ലഭിക്കും. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് 19 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പകർച്ച വ്യാധികൾ കൂടുന്ന സാഹചര്യത്തിൽ ഏകോപിത പ്രതിരോധ പ്രവർത്തനത്തിന് ഇന്ന് തുടക്കമാകും.


