കന്നാസുകളിലും കുപ്പികളിലും പെട്രോളും ഡീസലും നൽകുന്നില്ല: മത്സ്യബന്ധനം, ഹൗസ് ബോട്ട് മേഖല പ്രതിസന്ധിയിൽ

കുമരകം പമ്പുകളിൽനിന്ന് കന്നാസുകളിലും കുപ്പികളിലും പെട്രോളും ഡീസലും നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണത്തിൻ്റെ ഭാഗമായാണ് കന്നാസുകളിലും കുപ്പികളിലും ഇന്ധനം നൽകാത്തത്. കേന്ദ്ര സർക്കാരിൻ്റെ നയത്തിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനയായ സിഐടിയു, കർഷക കോൺഗ്രസും കുമരകത്തെ പെട്രോൾ പമ്പിനു മുന്നിൽ സമരം നടത്തി.
കായലോര മേഖലയായ കുമരകത്ത് തൊഴിലാളികൾ മത്സ്യബന്ധനത്തിനും കാർഷിക മേഖലയിൽ പോകുന്നതിനു വള്ളത്തെ ആണ് ആശ്രയിക്കുന്നത്. പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങി വള്ളത്തിലെ എൻജിനിൽ ഒഴിച്ചാണ് ഓടിച്ചിരുന്നത്. ഇന്ധനം കിട്ടാതെ വന്നതോടെ മത്സ്യബന്ധനത്തിനും കാർഷിക മേഖലയിലും തൊഴിലാളികൾക്കു പോകാൻ കഴിയാതായി. തൊഴിലാളികൾക്ക് ഇന്ധനം നൽകുന്നതിനു ബദൽ സംവിധാനം കണ്ടെത്താതെയാണു കേന്ദ്രസർക്കാർ പുതിയ നിയമം നടപ്പാക്കിയതെന്നാണ് തൊഴിലാളികളുടെ പരാതി.

നൂറുകണക്കിനു തൊഴിലാളികളാണ് കായലിൽ മത്സ്യബന്ധനത്തിനും മറ്റ് ജോലികൾക്കും പോകാൻ കഴിയാതെ ദുരിതത്തിലായി. ടൂറിസം മേഖലയിലെ ഹൗസ് ബോട്ട്, ശിക്കാര വള്ളം, സ്‌പീഡ്‌ ബോട്ട് തുടങ്ങിയവയ്ക്ക് ഇന്ധനം ലഭ്യമാകാതെ വരുന്നത് ഈ രംഗത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പാടത്തെ ഉഴവ്, കൊയ്ത്‌ത് തുടങ്ങിയവയ്ക്ക് യന്ത്രവൽക്കരണത്തെയാണു കർഷകർ ആശ്രയിക്കുന്നത്.
പാടശേഖരങ്ങളിൽ കിടക്കുന്ന യന്ത്രങ്ങളിൽ ഇന്ധനം എത്തിക്കാൻ കഴിയാതെ വരുന്നതോടെ കൃഷിപ്പണികളും മുടങ്ങും. നെൽക്കൃഷി മേഖലയെ ഇത് വളരെ പ്രതികൂലമായി ബാധിക്കും. യന്ത്രം ഉപയോഗിച്ച് പുരയിടങ്ങളിലെ പുല്ല് നീക്കൽ, മരം മുറിക്കൽ തുടങ്ങിയവയും നടത്താൻ കഴിയാതെ വരുന്ന സ്‌ഥിതിയായി. പെട്രോൾ, ഡീസൽ കുപ്പികളിലും കന്നാസുകളിലും ലഭിക്കാതെ വരുന്നത് എല്ലാ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

കോൺഗ്രസ് പ്രതിഷേധിച്ചു
കുമരകം പെട്രോൾ, ഡീസൽ വിതരണത്തിലെ നിയന്ത്രണവും വില വർധനയും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ സമരം നടത്തി. പാചകവാതക വില വർധന പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.ഡിസിസി വൈസ് പ്രസിഡൻ്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു തൈത്തറ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വിഷ്ണു മണി, പഞ്ചായത്ത് അംഗം സലിമ ശിവാത്മജൻ, ചാണ്ടി മണലേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.ജെ. സാബു, പി.കെ. മനോഹരൻ. എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top