തിരുവനന്തപുരം: പിന്നോക്ക ജില്ലയായ കാസർകോടിന് സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ. ജില്ലയിലെ എന്റോസൾഫാൻ ദുരിത ബാധിതരുടെ കുടുംബങ്ങളെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ എടുത്തു പറത്തു. ഇത് ജില്ലയിലെ നൂറുകണക്കിനു കുടുംബങ്ങൾക്കും എൻ്റോസൾഫാൻ ദുരിത ബാധിതർക്കും ആശ്വാസമാകും.
ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കാസർകോട്, വയനാട്, ഇടുക്കി വികസന പാക്കേജുകൾ തുടരുമെന്നും കൂടുതൽ കാര്യക്ഷമമാക്കുമെന്നും മഞ്ചേശ്വരത്ത് റവന്യു ടവർ സ്ഥാപിക്കുമെന്നും ബജറ്റിൽ പറഞ്ഞു.
റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി
റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തും. നിലവിൽ 200 രൂപയാണ് ഒരു കിലോ റബ്ബറിൻ്റെ താങ്ങുവില. എന്നാൽ നിലവിൽ റബ്ബർ വില 270 രൂപയിൽ എത്തിയ സാഹചര്യത്തിൽ ഇതിൻ്റെ പ്രയോജനം കർഷകർക്കു ലഭിക്കുമോയെന്നതിൽ അവ്യക്തതയുണ്ട്. ക്ഷീര വികസനത്തിനു 102 കോടി, കർഷക താൽപ്പര്യം സംരക്ഷിക്കും. മനുഷ്യ-വന്യ മൃഗ സംഘർഷം ലഘൂകരിക്കുന്നതിന് നടപടി, ഗ്രാമസഭകൾ ഓൺലൈനിലേയ്ക്ക് മാറ്റും, ഫാം ടൂറിസം വികസിപ്പിക്കും – ബജറ്റിൽ പറഞ്ഞു.
സംസ്ഥാന ബജറ്റ്: മഞ്ചേശ്വരത്ത് റവന്യു ടവർ, എന്റോസൾഫാൻ ദുരിത ബാധിതരെ സർക്കാർ ഏറ്റെടുക്കും, ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ കൂടുതൽ ജീവനക്കാർ; അനുബന്ധ സൗകര്യങ്ങൾ, കാസർകോട് വികസന പദ്ധതി കാര്യക്ഷമമാക്കും

