തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കുമെന്ന് ധനമന്ത്രി വി ഡി സതീശൻ. വർധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യത എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭപ്രവർത്തനത്തിന് 200 കോടി രൂപ വകയിരുത്തിയതായി വി ഡി സതീശൻ പ്രഖ്യാപിച്ചു.
സേവന മേഖല, ഗ്ലോബൽ കാപ്പബിലിറ്റി സെൻ്റർ, ഹോസ്‌പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര സേവന മേഖലകൾ ഉൾക്കൊള്ളുന്ന, എയറോപാർക്ക്, എയറോസിറ്റി പദ്ധതികൾ നടപ്പിലാക്കും. വിമാന അറ്റകുറ്റപ്പണി പരിപാലന മേഖലയെ ശക്തിപ്പെടുത്തും. പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ, ഡിജിസിഎ മാനദണ്ഡം അടിസ്ഥാനമാക്കി വിമാന പരിപാലന എഞ്ചിനീയറിംഗ് പരിശീലന നൈപുണ്യ വികസന സംവിധാനങ്ങൾ ഉണ്ടാക്കുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു.കാർഷിക, മത്സ്യ, ഫാർമ മേഖലകളിലെ കയറ്റുമതി ശക്തിപ്പെടുത്താൻ സംയോജിത പാക്ക് ഹൗസ് സൗകര്യവും ഫാർമ കാർഗോ സൗകര്യവും വികസിപ്പിക്കും. കൊച്ചി വിമാനത്താളത്തോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെൻ്റർ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു
കേരളത്തെ ഏവിയേഷൻ ലോജിസ്റ്റിക്സ‌് ഹബ്ബാക്കും; എയറോപാർക്ക്, എയറോസിറ്റി പദ്ധതികൾ നടപ്പിലാക്കും


