നിയമസഭയെ നയിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; സ്പീക്കറായി തിരഞ്ഞെടുത്തു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം കേരള നിയമസഭയുടെ സ്പീക്കര്‍ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. എല്‍.ഡി.എഫില്‍നിന്ന് എ.സി. മൊയ്തീനും എന്‍.ഡി.എ.യില്‍നിന്ന് ബി.ബി. ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേര്‍. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
102 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. 35 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. എന്‍.ഡി.എ.യ്ക്ക് മൂന്നും. അസാധു വോട്ടുകളില്ല. ഭൂരിപക്ഷം എത്ര കുറഞ്ഞാലും സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മത്സരിക്കുന്നത് സാധാരണമാണ്. രാഷ്ട്രീയത്തിലും നിയമസഭാ ജീവിതത്തിലും വിശേഷപ്പെട്ട പ്രഗല്‍ഭ്യം തെളിയിച്ചയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന് ചെയര്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പിണറായി വിജയന്‍ അനുമോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.
ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെങ്കിലും ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഒന്നു മുതല്‍ മൂന്നുവരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേല്‍ ചര്‍ച്ചയും സഭയില്‍ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top