വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും കിട്ടിയത് 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ; മൂന്നുദിവസമായി ഉറങ്ങാതെ ഒരു കുടുംബം

തൃശൂർ മൂന്നുദിവസമായി ഉറങ്ങാതെ പെരുമ്പാമ്പുകളെ ഭയന്നിരിക്കുകയാണ് പൂങ്കുന്നം എംജി നഗർ ശ്രീകൃഷ്‌ണനിലയത്തിൽ ബി. കാർത്തിക്കും കുടുംബവും. രണ്ടുദിവസം മുൻപ് ഗേറ്റിനടുത്ത് ഒരു പാമ്പിൻകുഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ അണലിയാണെന്ന് പേടിച്ച് അതിനെ തട്ടിവിട്ടു. പാമ്പിൻകുഞ്ഞ് സമീപത്തെ തോട്ടിലേക്ക് പോകുകയും ചെയ്തു. വൈകിട്ട് ജോലി കഴിഞ്ഞുവന്നപ്പോഴാണ് വീണ്ടും മുറ്റത്തിന്റെ പരിസരത്ത് പലസ്‌ഥലത്തായി പാമ്പിൻകുഞ്ഞുങ്ങളെ കണ്ടത്. സംശയം തോന്നി ബൈക്കിന്റെയും സ്‌കൂട്ടറിൻ്റെയും സീറ്റ് അഴിച്ചുപരിശോധിച്ചപ്പോൾ അവിടെ നിന്നും കിട്ടി കുറേയെണ്ണത്തിനെ. ഇന്നലെ വൈകിട്ട് വരെ ആകെ പിടികൂടിയത് 19 പെരുമ്പാമ്പിൻ്റെ കുഞ്ഞുങ്ങളെ.
വീട്ടുമുറ്റത്തെ മരത്തിന് കെട്ടിയ തറയുടെ വിടവിൽ നിന്നാണ് ഇവ പുറത്തിറങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാരൻ എത്തി ആദ്യ ദിവസം 8 കുഞ്ഞുങ്ങളെ പിടികൂടി. അടുത്ത ദിവസം വന്നയാൾ രണ്ടെണ്ണത്തെയും പിടിച്ചു. ഇന്നലെ രാവിലെ വന്നയാൾ 6 എണ്ണത്തെ പിടിച്ചപ്പോൾ വൈകിട്ട് വീണ്ടും മുറ്റത്തു നിന്ന് മറ്റൊന്നിനെക്കൂടി കണ്ടെത്തി. പിടികൂടുന്നതിനിടയിൽ രണ്ടെണ്ണം തോട്ടിൽ ചാടിപ്പോകുകയും ചെയ്‌തു. മുപ്പത് മുതൽ അറുപത് വരെ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് വനംവകുപ്പ് പറയുന്നു. തറയ്ക്കുള്ളിൽ ഇപ്പോൾ മരം ഇല്ല. ദ്രവിച്ച മരക്കുറ്റിക്കിടയുടെ ഇടയിലാണ് പാമ്പ് മുട്ടയിട്ടതെന്ന് കരുതുന്നു. ഈ പരിസരത്ത് മുൻപ് ഇത്തരം പാമ്പുകളെ കണ്ടിട്ടില്ലെന്നാണ് കാർത്തിക് പറയുന്നത്. തോടുവഴിയാണ് ഇവ എത്തിയതെന്ന് കരുതുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top