സംസ്ഥാനത്ത് വീണ്ടും നദികളിൽ നിന്നുള്ള മണൽവാരലിന് വഴിയൊരുങ്ങുന്നു. ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സമർപ്പിച്ച പ്രവർത്തന നടപടി ക്രമത്തിന് റവന്യൂ വകുപ്പ് അംഗീകാരം നൽകി.
ഒൻപത് വർഷത്തിന് ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്. സാൻഡ് ഓഡിറ്റിങ്ങിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശുപാർശ.
2016 ന് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽ വാരിയിട്ടില്ല. മണൽ വാരുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതി നിബന്ധനകൾ ഏർപ്പെടുത്തിയത് 2016ലാണ്. തുടർന്ന് മാറ്റിയ കേന്ദ്ര മാർഗ നിർദേശം അനുസരിച്ചാണ് വീണ്ടും സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ സാഹചര്യമൊരുങ്ങുന്നത്.
സംസ്ഥാനത്തെ 36 നദികളിൽ സാൻഡ് ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ വൻ തോതിൽ മണൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സാൻഡ് ഓഡിറ്റിൽ 464 ലക്ഷം ക്യുബിക് മീറ്റർ മണലാണ് നദികളിലുള്ളത്. ഇതിൽ 141 ലക്ഷം ക്യുബിക് മീറ്റർ ഖനനം ചെയ്യാമെന്നാണ് റിപ്പോർട്ട്. മണൽ ഖനനത്തിനായി ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടർ സമർപ്പിച്ച പ്രവർത്തന നടപടി ക്രമത്തിനാണ് റവന്യു വകുപ്പ് അംഗീകാരം നൽകിയത്.
മണൽ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാർഗ നിർദ്ദേശം അതത് ജില്ലാ കലക്ടർമാർ പുറപ്പെടുവിക്കും. ജില്ലാ സർവെ റിപ്പോർട്ടിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് മണൽവാരൽ പുനരാരംഭിക്കാൻ കഴിയും.
ഒൻപത് വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും മണൽവാരലിന് റവന്യൂ വകുപ്പിന്റെ അനുമതി


