അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: വലിയ പെരുന്നാളിന് നാട്ടിലെത്തിയേക്കും; പ്രതീക്ഷയിൽ കുടുംബം

റിയാദ്: സൗദി ബാലൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്.
അബ്ദുൽ റഹീമിൻ്റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലൻ്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006ലാണ് സൗദി ബാലൻ അനസ് അൽ ഫായിസിൻ്റെ കൊലപാതകക്കേസിൽ അബ്‌ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി അബ്ദുൽ റഹീമിൻ്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം സ്വരൂപിച്ചത്.2006 ഡിസംബർ 24-നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.ഇത് അനുസരിക്കാതിരുന്ന അബ്‌ദുൽ റഹീമിൻ്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top