കണ്ണൂർ ഒരു മഴ കിട്ടിയിരുന്നെങ്കിൽ ചൂടിനു കുറവുണ്ടാകുമായിരുന്നെന്ന് ആശിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ വേനൽമഴ കനിയുന്നില്ല, ചൂട് അനുദിനം കൂടുന്നു. കത്തുന്ന ചൂടിൽ വാടിത്തളരുകയാണു ജില്ല. പുലർകാലത്തുപോലും തണുപ്പില്ലാത്ത അവസ്‌ഥ. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ളതിനാൽ ശാരീരിക അസ്വസ്‌ഥതയുണ്ടാക്കുന്ന സ്‌ഥിതിയാണു പകൽ മുഴുവൻ. വിയർപ്പ് ബാഷ്പീകരിക്കാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്‌ഥതയ്ക്ക കാരണം.
കഴിഞ്ഞദിവസങ്ങളിൽ പാലക്കാട് ജില്ലയിലാണ് കൂടുതൽ ചൂട് (36.3 ഡിഗ്രി സെൽഷ്യസ്) അനുഭവപ്പെട്ടതെങ്കിലും തൊട്ടുപിന്നാലെ കണ്ണൂരുമുണ്ട് (35.6). വേനൽമഴ ഏറ്റവും കുറവു ലഭിച്ചതു വടക്കൻ ജില്ലകളിലാണ്. ഫെബ്രുവരിയുടെ തുടക്കത്തിൽ മാത്രമേ മഴയുണ്ടായിട്ടുള്ളൂ. അന്തരീക്ഷത്തിൽ കാർമേഘമുണ്ടെങ്കിലും മഴ പെയ്യുന്നില്ല. ഇതു ചൂടു കൂടാനും കാരണമാകുന്നു. രാത്രിയിലും താപനില ഉയർന്നുനിൽക്കുകയാണ്. മാർച്ച് അവസാനത്തോടെ മാത്രമേ വേനൽമഴ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണു കാലാവസ്‌ഥ നിരീക്ഷകർ പറയുന്നത്. ഏപ്രിലിലും മേയിലും വേനൽമഴ കൂടുതൽ ലഭിക്കുമെന്നതിനാൽ വരൾച്ചയ്ക്കു സാധ്യതയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്.
വേനൽമഴ കനിയുന്നില്ല, വെന്തുരുകി കണ്ണൂർ


