കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ വർധനവ്. ഗ്രാമിന് 1200 രൂപയും വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,23,120 രൂപയാണ് വില. സ്വർണവില വർധനവ് സാധാരണക്കാരെയും സ്വർണ വ്യാപാരികളേയും പ്രതിസന്ധിയിലാക്കി.
സ്വർണത്തിന്റെറെ ഇറക്കുമതി നികുതി ആറിൽ നിന്ന് 15 ശതമാനമാക്കി വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മെയ് 13 മുതൽ പുതിയ തീരുമാനം നിലവിൽ വന്നു. 2024ൽ ഇറക്കുമതി നികുതി 15 ശതമാനമായിരുന്നു. പിന്നീട് ആറ് ശതമാനമാക്കി കുറച്ചു. ഇതോടെ സ്വർണത്തിൻ്റെ ഇറക്കുമതി വൻ തോതിൽ വർധിച്ചിരുന്നു. എന്നാൽ ഈ സാഹചര്യം തുടർന്നാൽ രാജ്യം പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വീണ്ടും ഉയർത്തിയിരിക്കുന്നത്.
ഇറക്കുമതി നികുതി കൂട്ടുമ്പോൾ സ്വാഭാവികമായും സ്വർണവില വർധിക്കും. ഇറക്കുമതി ചെയ്യുമ്പോൾ നികുതി ഇനത്തിൽ വലിയ തുക ഖജനാവിലേക്ക് എത്തും. ഇറക്കുമതി ചെയ്യുന്നവർക്ക് ചെലവ് കൂടുകയാണ് ചെയ്യുക. ഈ വേളയിൽ അവർ സ്വർണത്തിൻ്റെ ഇറക്കുമതിയിൽ നിന്ന് പിന്തിരിയും. ഇന്ത്യയുടെ കരുതൽ ധനം വിദേശത്തേക്ക് ഒഴുകുന്നത് കുറയ്ക്കാൻ ഇത് വഴി സാധിക്കും.
എന്നാൽ സ്വർണവില ഒമ്പത് ശതമാനം കൂട്ടേണ്ടി വരുമെന്നാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ ഉപഭോക്താക്കൾ സ്വർണവും സ്വർണാഭരണവും വാങ്ങുന്നത് കുറയ്ക്കും. ഇത് ജ്വല്ലറി മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന മേഖല തകർക്കരുത് എന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് നിർത്തിവെക്കണം എന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് ഇറക്കുമതി നികുതി ഇരട്ടിയിൽ അധികം വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ വാങ്ങുന്നത് നിർത്തിവെക്കുന്നതിന് പകരം ആഭ്യന്തരമായുള്ള സ്വർണം ക്രിയാത്മകമായി ഉപയോഗിക്കുകയാണ് വേണ്ടത് എന്ന് ജ്വല്ലറി വ്യാപാരികൾ പറയുന്നു. സ്വർണത്തിൻ്റെ ഇറക്കുമതി നികുതി കൂട്ടിയാൽ കള്ളക്കടത്ത് വർധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 10,200 രൂപ


