കുസാറ്റിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ; ഒരാഴ്ച‌യ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവർ സുദർശൻ്റെയും ഷൈജയുടെയും മകൾ കെഎസ് ദർശന(21)യെയാണ് ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂ‌ൾ ഓഫ് എഞ്ചിനീയറിങ്ങിൽ ബി ടെക് സിവിൽ എഞ്ചിനീയറിങ് നാലാം വർഷ വിദ്യാർഥിനിയാണ് ദർശന. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ദർശന പരീക്ഷ എഴുതാനെത്തിയിരുന്നില്ലെന്ന് അധ്യാപകർ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരിച്ചില്ല. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറുമ്പോഴാണ് സംഭവം കണ്ടത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം പരീക്ഷയുള്ളതിനാൽ സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റലിൽ താമസിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്‌ച മുൻപ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുസാറ്റിൽ ഒരാഴ്ച‌യ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയാണ് ദർശന. ഏപ്രിൽ 22ന് ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സസ് മൂന്നാം വർഷ വിദ്യാർഥിയായ ഹരിപ്പാട് സ്വദേശി ഡി ധനുഷും മരിച്ചിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർവകലാശാലയിൽ പ്രത്യേക ആലോചനാ യോഗം വിളിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top