‘അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ അമ്മ(എഎംഎംഎ)യിൽ തൊഴിൽ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതിയാണ് പരാതി നൽകിയത്. അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയാണ് പരാതി. പരാതിയിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. തൊഴിൽ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാൽ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോൾ അതിൽ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസിൽ നടക്കുന്ന കാര്യം പ്രസിഡന്റായ ശ്വേതാ മേനോനെ വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.താൻ മാനേജറായിരുന്ന സമയത്ത് സാമ്പത്തിക തിരിമറി സംബന്ധിച്ച് വ്യാജ ആരോപണം ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതി സിറ്റി പൊലീസ് കമ്മീഷണർ നോർത്ത് പൊലീസിന് കൈമാറി. പൊലീസ് കേസെടുക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് കടന്നിട്ടില്ല. യുവതിയുടെ മൊഴിയുൾപ്പെടെ എടുത്ത ശേഷം പരാതിയുടെ വസ്‌തുത ഉൾപ്പെടെ പരിശോധിച്ചാകും കേസെടുക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top