പാലക്കാട്: കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇന്ന് പുലർച്ചെ മുതൽ രണ്ട് മണിക്കൂർ ഡിജിറ്റൽ അറസ്റ്റ് ചെയ്യപ്പെട്ടതായി എംഎൽഎ പറഞ്ഞു. ഈ സംഘത്തിൽ മലയാളിയും ഉൾപ്പെട്ടിരുന്നതായി ശാന്തകുമാരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ എംഎൽഎ കുഴൽമന്തം പൊലീസിൽ പരാതി നൽകി.ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്ന് എന്ന പേരിലായിരുന്നു തട്ടിപ്പ് സംഘം വിളിച്ചത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട അഫ്‌സൽ ഖാൻ എന്നയാൾ ശാന്തകുമാരിയുടെ പേരിൽ സിം കാർഡ് എടുത്തെന്ന് സംഘം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സൈബർ സെല്ലിൽ നിന്നും വിളിക്കുമെന്നും അവിടെ നേരിട്ട് ഹാജരാകണമെന്നും തട്ടിപ്പ് സംഘം പറഞ്ഞതായി കെ ശാന്തകുമാരി പറഞ്ഞു.
തിരുവനന്തപുരത്തേക്ക് കോൾ കൈമാറുന്നു എന്ന് പറഞ്ഞ് ഫോൺ കൈമാറിയിരുന്നു. എന്നാൽ ഒരു നോർത്ത് ഇന്ത്യൻ മലയാളത്തിലായിരുന്നു അവിടുന്ന് സംസാരിച്ചത്. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ ആണെന്നും പറഞ്ഞു. പിന്നാലെ മറ്റൊരു നമ്പർ തന്നു, അതിൽ വിളിച്ച് സംസാരിച്ചു. അപ്പോൾ സംഭവത്തിൽ ഒന്നെങ്കിൽ നേരിട്ടെത്തണം അല്ലെങ്കിൽ മൊഴി നൽകണമെന്ന് അവർ ആവശ്യപ്പെട്ടുവെന്നും ശാന്തകുമാരി വ്യക്തമാക്കി.പിന്നാലെ വീഡിയോ കോൾ വഴി ഒരാൾ മൊഴിയെടുക്കാൻ വന്നു. യൂണിഫോമും തൊപ്പിയുമെല്ലാമായി കണ്ടാൽ പൊലീസ് ലുക്കുള്ള ഒരാൾ തന്നെയായിരുന്നു മൊഴിയെടുക്കാൻ എത്തിയത്. വ്യക്തിപരമായ കാര്യങ്ങളടക്കം പല കാര്യങ്ങളും ചോദിച്ചു. മുസ്‌ലിം സുഹൃത്തുക്കളുണ്ടോ ശത്രുക്കളുണ്ടോ എന്നും അവർ ചോദിച്ചു. പിന്നീട് ആധാർ കാർഡ് കാണിക്കാൻ പറഞ്ഞപ്പോൾ തനിക്ക് സംശയം തോന്നി. പിന്നീട് മകൻ വന്ന് തട്ടിപ്പുകാരോട് സംസാരിച്ചുവെന്നും ശാന്തകുമാരി പറഞ്ഞു.മുംബൈ കനാറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതായും അതിലൂടെയാണ് ആക്രമണത്തിന് വേണ്ട തുക കൈമാറിയതെന്നും അവർ പറഞ്ഞു. അപ്പോൾ മുതൽ സംഭവത്തിൽ ചെറിയ സംശയം തോന്നി തുടങ്ങി. പിന്നാലെ ഡ്രൈവർ വന്ന് പറഞ്ഞു, കോൾ കട്ട് ചെയ്യൂ അത് ഫേക്ക് ആണെന്ന് പറഞ്ഞു. താൻ അപ്പോൾ തന്നെ കോൾ കട്ട് ചെയ്‌തതായും ശാന്തകുമാരി കൂട്ടിച്ചേർത്തു.
എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി


