ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പട്ട 14കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ കേസെടുത്ത് അന്വേഷണം നടത്താൻ എസ്പിക്ക് നിർദ്ദേശം നൽകി ശിശുക്ഷേമസമിതി. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൺ ഗീത പറഞ്ഞു. കഴിഞ്ഞ ദിവസം സിഡബ്ല്യുസി സംരക്ഷണത്തിനേറ്റെടുത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നതെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. കേരളത്തിൽ ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നൽകാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്. സംഘത്തിന്റേത് സംസ്ഥാന വ്യാപകമായ റാക്കറ്റാണെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.
ബാങ്കുകൾക്കും ഹോട്ടലുകൾക്കും മുന്നിലാണ് ഭിക്ഷാടനം നടത്തുന്നത്. 14കാരൻ ഒരു മാസം മുമ്പ് തൂത്തുക്കുടിയിലെ അനാഥാലയത്തിൽ നിന്നാണ് കേരളത്തിലെത്തിയത്. കുട്ടിക്കൊപ്പം അനുജനെയും എത്തിച്ചിട്ടുണ്ട്. ഇരുവരെയും ചെറിയച്ഛൻ അന്തോണിയാണ് ഹരിപ്പാടെത്തിച്ചത്. അനുജൻ ഇപ്പോഴും ഭിക്ഷാടന സംഘത്തിൽ തന്നെ ഉണ്ടെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.വരുമാനം കുറഞ്ഞാൽ ക്രൂരമർദ്ദനമുണ്ടാകാറുണ്ടെന്നും കുട്ടി പറഞ്ഞു. ഒരു ദിവസം 1500 രൂപയാണ് കുട്ടികൾക്കുള്ള ടാർഗറ്റ്. 1000 രൂപയിൽ താഴെയാണ് ലഭിക്കുന്നതെങ്കിൽ കുട്ടികളുടെ തലയ്ക്ക് പുറകിലായി മർദ്ദിക്കും. മർദ്ദനം സഹിക്കാനാവാതെയാണ് 14കാരൻ രക്ഷപ്പെട്ട് ഓടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പിന്നാലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷിന്റെ സഹായത്തോടെ കുട്ടി സിഡബ്ല്യുസിയിൽ എത്തുകയായിരുന്നു. നിലവിൽ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ തൃശ്ശൂർ ഉള്ള ബാലഭവനിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഭിക്ഷാടന മാഫിയ സംഘം ഒളിവിലാണ്
‘ടാർഗറ്റ് തികച്ചില്ലെങ്കിൽ മർദ്ദനം’; ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ മൊഴിയിൽ കേസെടുക്കാൻ CWC


