ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. തോൽവി പഠിക്കുമെന്നും തോൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞു. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു.
പയ്യന്നൂരിലെ തോൽവിയിലും ശ്രീമതി പ്രതികരിച്ചു. ജനവികാരം മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും പയ്യന്നൂരിലെ കാറ്റ് തൃക്കരിപ്പൂരിലും വീശിയെന്നുമാണ് ശ്രീമതി പറഞ്ഞത്. പിണറായി വിജയൻ യുവനേതാക്കൾക്ക് മാറിക്കൊടുക്കേണ്ട സമയമായി എന്ന സിപിഐഎം മുൻ പൊളിറ്റ് ബ്യൂറോ അംഗം ഹനൻ മൊള്ളയുടെ പ്രതികരണം അഭിപ്രായപ്രകടനം മാത്രമാണെന്നും അവർ പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത് സ്വാഗതാർഹമാണെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവി, ജനവികാരം മനസിലാക്കാൻ കഴിഞ്ഞില്ല: പി കെ ശ്രീമതി


