സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വർധിച്ചു. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഇതോടെ ഇന്നുമാത്രം 1200 രൂപയാണ് ഒരു പവന് വർധിച്ചത്. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 13,940 രൂപ, പവന് 1,11,520 രൂപ എന്നിങ്ങനെയാണ് ഏറ്റവും പുതിയ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ ഉയർന്ന് 11,455 രൂപയിലെത്തി. 91,640 രൂപയാണ് ഒരു പവൻ 18 ഗ്രാം സ്വർണത്തിന്റെ വില.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 14 കാരറ്റ്, 9 കാരറ്റ് ഗോൾഡിനും വില കൂടി. 14 കാരറ്റിന് ഗ്രാമിന് 8920 രൂപ, പവന് 71,360 രൂപ എന്നിങ്ങനെയാണ് പുതയ വില. 9 കാരറ്റിന് ഗ്രാമിന് 5755 രൂപയും നൽകണം. വെള്ളിക്ക് ഇന്ന് രാവിലെ 5 രൂപ കുറഞ്ഞ് ഗ്രാമിന് 250 രൂപയെന്ന നിരക്കിൽ എത്തിയിരുന്നു. മാസാവസാനം വില കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് സ്വർണം മുന്നേറുന്നത്. എന്നാൽ നിക്ഷേപകർക്ക് ഇത് ആശ്വാസ വാർത്തയാണ്.ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. മാസാവസാനമായ ഇന്ന് പവന് 1,11,520 രൂപയാണ് വില. ഈ മാസം സ്വർണ വിലയിലുണ്ടായ ആകെ കുറവ് 2720 രൂപയാണ്. പല ദിവസങ്ങളിലും സ്വർണ വില രാവിലെയും വൈകുന്നേരവുമായി മാറിമറിഞ്ഞിരുന്നു. ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഉണ്ടായ സൈനിക നീക്കങ്ങൾ സ്വർണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണവില ഉയർന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെൻഡിന് വിരുദ്ധമായാണ് ഇന്ന് വില കൂടിയത്.
ഉച്ചതിരിഞ്ഞ് വീണ്ടും കുതിച്ച് സ്വർണം; ഒറ്റ ദിവസം ഉയർന്നത് 1,000 രൂപയിലേറെ


