കാസർകോട്: പുതുവത്സരാഘോഷം അതിരുവിട്ടാൽ കർശന നടപടിയെടുക്കാൻ തീരുമാനം. ആഘോഷങ്ങൾ ഏതു തരത്തിലായിരിക്കണം നടത്തണമെന്നത് സംബന്ധിച്ച് പൊലീസ് സംസ്ഥാന തലത്തിൽ മാർഗ്ഗരേഖ പുറത്തിറക്കി. ആഘോഷത്തിൻ്റെ മറവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്താൻ പാടില്ല, മതിയായ വെളിച്ച സൗകര്യം ഉള്ള സ്ഥലങ്ങളിൽ മാത്രമേ ആഘോഷങ്ങൾ അനുവദിക്കു. ബാർ ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, റിസോർട്ടുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡിജെ പാർട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം വിളമ്പുകയാണെങ്കിൽ പ്രത്യേക ലൈസൻസ് എടുക്കണം. കാർ, ബൈക്ക് റേസിംഗ് അനുവദിക്കില്ല, പൊതുസ്ഥലങ്ങളിൽ പരസ്യമദ്യപാനം അനുവദിക്കില്ല, മദ്യപിച്ച് വാഹനമോടിക്കരുത്, ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശന നടപടി, അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അടുത്ത പൊലീസ് സ്റ്റേഷനിസോ കേരള പൊലീസിന്റെ ടോൾ ഫ്രീ നമ്പരായ 112, 1515 എന്നീ നമ്പരുകളിലോ ഉടൻ അറിയിക്കണം, തിക്കും തിരക്കും കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അത്തരം അടിയന്തിര സാഹചര്യം നേരിടുന്നതിനു ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഏർപ്പെടുത്തിയിരിക്കേണ്ടതാണ് ഇവയാണ് പൊലീസ് പുറത്തിറക്കിയ നിർദ്ദേശത്തിലെ പ്രധാന മാനദണ്ഡങ്ങൾ. അതേ സമയം കാസർകോട് ജില്ലയിൽ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന ബേക്കലിൽ പൊലീസ് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബേക്കൽ ഫെസ്റ്റ് നടക്കുന്ന പള്ളിക്കര ബീച്ചിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി നേരിട്ട് മേൽനോട്ടംക്രമീകരണങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി നേരിട്ട് മേൽനോട്ടം വഹിക്കും. വേടന്റെ സംഗീത പരിപാടിക്കിടയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്താണിത്. ജില്ലയിൽ പൊലീസ് പട്രോളിംഗ് ശക്തമായി തുടരും. അതിർത്തി റോഡുകളിൽ പ്രത്യേക നിരീക്ഷണവും പരിശോധനയും ഉണ്ടാകും.
പുതുവത്സരാഘോഷം അതിരു വിട്ടാൽ പണി കിട്ടും; കർശന നിർദ്ദേശങ്ങളുമായി പൊലീസ്, ബേക്കലിൽ കനത്ത സുരക്ഷ


