ഗുണ്ടാനേതാവ് ബാലമുരുകൻ തമിഴ്‌നാട്ടിൽ പിടിയിൽ, കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് 2 മാസം മുൻപ്; വിയ്യൂർ പൊലീസിന് കൈമാറും

തൃശൂർ കൊടുംകുറ്റവാളിയും ഗുണ്ടാനേതാവുമായ ബാലമുരുകൻ (44) പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ വച്ചാണ് പൊലീസ് ബാലമുരുകനെ പിടികൂടിയത്. വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിൽ എത്തിയ ബാലമുരുകനെ തിരിച്ചറിഞ്ഞ പൊലീസ് ഉടൻ പിടികൂടുകയായിരുന്നു.നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തമിഴ്നാട് പൊലീസിൻ്റെ കസ്‌റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത‌ിട്ടുണ്ട്. പ്രതിയെ വൈകാതെ വിയ്യൂർ പൊലീസിന് കൈമാറും.കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്‌നാട് തെങ്കാശി കടയം സ്വദേശിയായ ബാലമുരുകൻ. വിയ്യൂർ ജയിലിനു സമീപത്തുനിന്നാണ് തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. തമിഴ്‌നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഇയാളെ പൊലീസ് പുറത്തിറക്കി. 3 പൊലീസുകാർ ഒപ്പമുണ്ടായിരുന്നെങ്കിലും ഇവരെ തള്ളിമാറ്റി ഓടുകയായിരുന്നു. ജയിൽ മതിലിനോട് ചേർന്ന് പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്‌ഥലത്തേക്കാണ് ബാലമുരുകൻ ഓടിയത്. പിന്നാലെ തൃശൂരിലേക്ക് കടന്ന ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.കഴിഞ്ഞ വർഷവും വിയ്യൂർ ജയിലിനു മുന്നിൽനിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിൽ എത്തിച്ചപ്പോൾ ഉദ്യോഗസ്‌ഥരെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നു. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരത്തെയും ഇയാൾ ജയിൽ ചാടിയിട്ടുണ്ട്. 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളിലാണ് ബാലമുരുകൻ പ്രതിയായത്.വേഷം മാറുന്നതിൽ വിദഗ്‌ധനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ഒരു സ്ഥലത്ത് ലുങ്കിയാണ് വേഷമെങ്കിൽ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും. വർഷങ്ങളോളം തമിഴ്‌നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസിലും ഇയാൾ പ്രതിയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top