ഭോപ്പാൽ: തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കഴുത്തിനു പിടിച്ച് സാഹസികമായി നേരിട്ട പതിമൂന്നുകാരന് അഭിനന്ദന പ്രവാഹം. മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ സത്യം താക്കൂർ ആണ് പുലിയെ കീഴ്പ്പെടുത്തി ഹീറോയായത്. വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സത്യത്തെ കുറ്റിക്കാട്ടിൽനിന്നു ചാടിവീണ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ആദ്യം പകച്ചുപോയെങ്കിലും മനഃസാന്നിദ്ധ്യം വീണ്ടെടുത്ത സത്യ അതിജീവനത്തിനായി പുലിയുടെ കഴുത്തിൽ പിടിച്ചു നിർത്തുകയായിരുന്നു.
വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റെങ്കിലും സത്യ പിടിവിട്ടില്ല. നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് താക്കൂറും കുടുംബാംഗങ്ങളും വടികളുമ മറ്റുമായി ഓടിയെത്തി. അപ്പോഴും പുലിയും സത്യയും തമ്മിലുള്ള മൽപ്പിടിത്തം തുടരുകയായിരുന്നു. കുഞ്ഞിനെ പുലി കടിച്ചുകീറുമോ എന്ന് ഭയന്ന കുടുംബാംഗങ്ങൾ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോയി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചു. കൂടുതൽ സഹായം ഉടൻ നൽകുമെന്ന് അധികൃതർ അറിയിച്ചു. വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിൽ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂർവമല്ലെങ്കിലും, കുട്ടികൾക്കു നേരേയുള്ള ഇത്തരം ആക്രമണങ്ങൾ വളരെ വിരളമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കഴുത്തിനു പിടിച്ച് നിർത്തി സാഹസികമായി നേരിട്ട് പതിമൂന്നുകാരൻ; മൽപിടുത്തത്തിൽ വയറിനും കൈകാലുകൾക്കും പരിക്ക്


