തിരുവനന്തപുരം: പരശുരാം എക്സ്പ്രസിൽ മോഷണം. ഇന്നലെ പരശുരാം എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിലായിരുന്നു മോഷണം. ട്രെയിൻ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോൾ ജനറൽ കംപാർട്ട്മെന്റിലെ യാത്രക്കാരിയുടെ മൊബൈൽ ഫോണും മാലയും മോഷ്ടിച്ച് കള്ളൻ കടന്നുകളയുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതി ഉറങ്ങുന്നതിനിടെ അടുത്തെത്തിയ മോഷ്ടാവ് കഴുത്തിൽ കിടന്ന മാലയും മൊബൈൽ ഫോണുമായി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് ഓടുന്ന ട്രെയിനിൽ നിന്ന് എടുത്ത് ചാടി. കഴുത്തിൽ നിന്ന് മാല പൊട്ടിക്കുന്നതിനിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റു. തുടർന്ന് ട്രെയിൻ തിരുവനന്തപുരം സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി ബന്ധുക്കൾക്കൊപ്പം തമ്പാനൂർ റെയിൽവേ പൊലീസിൽ പരാതി നൽകി. തുമ്പ പൊലീസിലും പരാതിപ്പെട്ടു.
തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ പരിക്കേൽക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനാൽ സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
പരശുരാം എക്സ്പ്രസിൽ മോഷണം; യാത്രക്കാരിയുടെ മാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; പിടിവലിക്കിടെ സ്ത്രീയുടെ കഴുത്തിന് പരിക്ക്


