ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽ മഴ എത്തുന്നു. തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എങ്കിലും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉയർന്ന താപനിലയിൽ 12 ജില്ലകളിൽ യെലോ അലർട്ടും പ്രവചിച്ചിട്ടുണ്ട്. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ പുറത്തിറങ്ങരുതെന്നാണ് നിർദേശം. പുറത്ത് ജോലി ചെയ്യുന്നവർ ഇത് കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top