മോഹൻലാലിന് ആശ്വാസം; ലിങ്കുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നടൻ മോഹൻലാലിന് ആശ്വാസമായി ഡൽഹി ഹൈക്കോടതി. നടൻ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. എഐ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തൻ്റെ അനുവാദമില്ലാതെ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നുമാണ് മോഹൻലാൽ ഹർജിയിൽ പറഞ്ഞിരുന്നത്.
മെറ്റയടക്കം സോഷ്യൽ മീഡിയ ഭീമൻമാരെ എതിർകക്ഷിയാക്കിയാണ് നടൻ ഹർജി നൽകിയത്. ഹർജിയെ മെറ്റ എതിർത്തിരുന്നു. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഡൽഹി ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്നുമാണ് മെറ്റയുടെ വാദം.
ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിംഗ് അനുകൂല വിധി പ്രസ്‌താവിക്കുകയായിരുന്നു. കേസിൽ മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്‌മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ നേരത്തെ സമാന വിഷയത്തിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top