നാദാപുരം: നാല് ദിവസം കുടക് വനത്തില്‍ കുടുങ്ങി രക്ഷപ്പെട്ട നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി. നാല് ദിവസം കാട്ടരുവിയില്‍ വെള്ളം മാത്രം കുടിച്ച് മരണമുഖത്ത് നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ശരണ്യ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.പുലര്‍ച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. ട്രക്കിങ് തുടരുമെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ലെന്ന് മാതാപിതാക്കളും പ്രതികരിച്ചു.മുമ്പ് ട്രക്കിങ് ചെയ്തുള്ള അനുഭവ സമ്പത്ത് തുണയായെങ്കിലും ഇതുപോലൊരു അനുഭവം ഇതാദ്യമാണെന്നാണ് ശരണ്യ പറയുന്നത്. അഗസ്ത്യകൂടം ചെമ്പ്രഗുഡി മലനിരകളെ കീഴടക്കിയ ശരണ്യക്ക് തടിയന്‍ഡമോള്‍ മല നിസാരമായിരുന്നു. രണ്ടുമണിക്കൂറുകൊണ്ട് മലകയറി വരാനായിരുന്നു പദ്ധതി. പക്ഷേ, കൂടെയുള്ളവര്‍ നേരത്തേ മടങ്ങി. ശരണ്യ തിരിച്ചിറങ്ങാന്‍നേരം കോടമഞ്ഞുള്ളതിനാല്‍ വഴിതെറ്റുകയായിരുന്നു.ഗൈഡ് കൂടെവരാഞ്ഞതും ഒപ്പം ട്രക്കിങ്ങിന് വന്നവര്‍ പരിചയക്കാരല്ലാത്തതും ബുദ്ധിമുട്ടായി. തെറ്റിയ വഴിയിലൂടെ ആനപ്പിണ്ടത്തിന്റെ മണമറിഞ്ഞു. ആ വഴി ഉപേക്ഷിച്ച് മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വലിയൊരു പാറപ്പുറത്താണ് തങ്ങിയത്. അരുവിവെള്ളം കുടിച്ച് ക്ഷീണമകറ്റി. രണ്ടുമണിക്കൂറുകൊണ്ട് മടങ്ങിവരാവുന്ന ട്രക്കിങ്ങായതിനാല്‍ ഭക്ഷണസാധനങ്ങളോ മറ്റ് ട്രക്കിങ് സാമഗ്രികളോ കരുതിയിരുന്നില്ല. പവര്‍ ബാങ്കും എടുത്തില്ല. ഫോണില്‍ ചാര്‍ജ് തീരാറായപ്പോള്‍ സുഹൃത്തിനെ വിളിച്ചിട്ട് സര്‍ക്കാരിന്റെ ആരണ്യ സൈറ്റില്‍ കയറി കാര്യം പറയാന്‍ പറയുമ്പോഴേക്കും ഫോണ്‍ ഓഫായി. ഒറ്റപ്പെട്ടപ്പോള്‍ പകല്‍ സമയം കൂക്കിവിളിച്ച് ഒച്ചയുണ്ടാക്കി. അങ്ങനെ ഒച്ചയുണ്ടാക്കിയതാണ് ഞായറാഴ്ച ശരണ്യയെ കണ്ടത്താന്‍ സഹായകമായത്. ആന, പുള്ളിപ്പുലി എന്നിവയുള്ള വനപ്രദേശമാണ് ഇതെന്നാണ് വനംവകുപ്പധികൃതര്‍ പറഞ്ഞത്. കുറ്റിക്കാടുനിറഞ്ഞ ഉയര്‍ന്ന സ്ഥലത്താണ് കഴിഞ്ഞത് എന്നതിനാല്‍ മൃഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നുവേണം കരുതാന്‍.
ആനകളുള്ള കാടായിരുന്നിട്ടും പേടിയൊന്നും തോന്നിയിരുന്നില്ലെന്ന് ശരണ്യ പറയുന്നു. ചെറിയ ട്രക്കിങ് ആയതിനാല്‍ വഴിയില്‍ അടയാളങ്ങള്‍ ഇടാനോ തിരിച്ചറിയാനോ ഉള്ള സൂചനകളൊന്നും കൈയ്യില്‍ കരുതിയിരുന്നില്ല. വെറും വെള്ളവും ക്യാമറയും ഫോണും മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഒടുവില്‍ തളരാത്ത നിശ്ചയദാര്‍ഢ്യത്തോടെയും മനക്കരുത്തോടെയും ശരണ്യ സുരക്ഷിതമായി മടങ്ങിയെത്തിയത് വലിയ ആശ്വാസമാണ് പകരുന്നത്.
ശരണ്യയെ കുടക് വനമേഖലയില്‍ കണ്ടെത്തിയത് ഇന്നലെ വൈകിട്ടോടെയായിരുന്നു. അടുത്ത യാത്രകള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ചൂട് കുറയട്ടെ എന്നും ശരണ്യ പറഞ്ഞു. താഴെ ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും വലിയ വാര്‍ത്തയായി എന്നറിഞ്ഞത്. വെള്ളം നന്നായി കുടിച്ചതാണ് ശരീരം ഫിറ്റായി നിര്‍ത്തിയതെന്ന് ശരണ്യ പറഞ്ഞു. ആരോടും ഒന്നും പറയാതെയുള്ള ഈ പോക്ക് നിര്‍ത്തണമെന്നാണ് അപേക്ഷയാണ് ശരണ്യയുടെ അച്ഛന്. ഏത് കൊടുങ്കാറ്റിനേയും നേരിടാനുള്ള കരുത്തോടെയാണ് വളര്‍ത്തിയതെന്നാണ് അമ്മയുടെ വാക്കുകള്‍. കര്‍ണാടക വനംവകുപ്പിന്റെ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ശരണ്യയെ മാതാപിതാക്കളെ ഏല്‍പ്പിക്കാനായി മടിക്കേരിയില്‍ നിന്ന് നാദാപുരത്തെ വീട്ടിലെത്തിയിരുന്നു.
വ്യാഴാഴ്ചയാണ് ശരണ്യ കുടകിലെ തടിയന്റമോള് കൊടുമുടി കയറാന്‍ പോയത്. ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കു ശേഷംതന്നെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റി എന്ന് ശരണ്യ താമസിച്ച ഹോംസ്റ്റേയിലേക്ക് വിവരം കൈമാറിയിരുന്നു. പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. നാല്‍പ്പത് പേരടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.


