തൃശൂർ: കർണ്ണാടക കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി.ബംഗ്ളൂരു സ്വദേശി ഉദയശങ്കർ കസ്റ്റഡിയിൽ. ബംഗ്ളൂരുവിൽ നിന്നു കൊച്ചിയിലേയ്ക്കു പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ ആയിരുന്നു ഇയാൾ. ബസ് തൃശൂർ, മുടിക്കോട് എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. കർണ്ണാടകയിലെ സ്ഥലം വിറ്റു കിട്ടിയ പണമാണെന്നും കൊച്ചിയിൽ സ്ഥലം വാങ്ങിക്കുന്നതിന് അഡ്വാൻസ് നൽകാനായി കൊണ്ടു പോവുകയാണെന്നുമാണ് ഉദയശങ്കർ മൊഴി നൽകിയത്. എന്നാൽ ഇതിന്റെ രേഖകൾ ഒന്നും ഹാജരാക്കാൻ ഉദയശങ്കറിനു കഴിഞ്ഞില്ലെന്നു അധികൃതർ പറഞ്ഞു. പണം തുടർ അന്വേഷണത്തിനായി ആദായ നികുതി വകുപ്പ് അധികൃതർക്കു കൈമാറി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ ദേശീയ പാതകളും അതിർത്തി ചെക്കുപോസ്റ്റുകളും കേന്ദ്രീകരിച്ച് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. രാത്രികാല വാഹന പട്രോളിംഗും കർശനമാക്കി. കടൽ തീരങ്ങൾ കോസ്റ്റൽ പൊലീസിൻ്റെ കർശന നിരീക്ഷണത്തിലാണ്.
ബസിൽ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി; കർണ്ണാടക സ്വദേശി കസ്റ്റഡിയിൽ, ദേശീയപാതകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം


