ശസ്ത്രക്രിയപ്പിഴവ് തടയാൻ മാർഗരേഖ, രോഗികൾക്ക് റിസ്റ്റ് ബാൻഡ്, ചെക്ക് ലിസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഡോക്ടർമാർക്കും നഴ്സു‌മാർക്കുമുള്ള ഉത്തരവാദിത്വങ്ങളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി. രോഗ, ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗിയെ ധരിപ്പിക്കുക, ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി സ്‌കിൻ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജിൽവരെ ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗനിർദ്ദേശം ബാധകം. ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്നതാണിത്. പിഴവുകളുണ്ടായാൽ പരസ്‌പരം പഴിചാരി രക്ഷപ്പെടാനാകില്ല.
ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് വാർഡിലെ ഡോക്ടറും നഴ്സും രോഗിയുടെ ഐ.പി നമ്പർ, യൂണിറ്റ്, കേസ് റെക്കാഡ് എന്നിവ പൂർത്തിയാക്കണം. ഇവ ക്രോസ് ചെക്ക് ചെയ്യണം.
രോഗിയെ അഡ്മിറ്റ്‌ ചെയ്‌തിട്ടുള്ള യൂണിറ്റിലെ നഴ്‌സ് ഇൻചാർജും വാർഡിലെ ഡോക്ടറും ചേർന്ന് പ്രീഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം . ഓപ്പറേഷൻ തിയേറ്ററിൽ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ ഇതുവായിച്ച് വ്യക്തത വരുത്തി ഒപ്പിടണം. അതിനുശേഷമേ രോഗിയെ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാവൂ.

മൂന്നുഘട്ട പരിശോധന
1.ഓപ്പറേഷൻ തിയേറ്ററിലെ നടപടികൾ സൈൻ ഇൻ,ടൈം ഔട്ട്, സൈൻഔട്ട് എന്നിങ്ങനെ മൂന്നായി തിരിച്ചു. രോഗിയെ തിയേറ്ററിലേക്ക് കൊണ്ടുവന്നശേഷം അനസ്തേഷ്യ നൽകുന്നതിന് മുമ്പുള്ള ഘട്ടമാണ് സൈൻ ഇൻ. രോഗിയുടെ പേര്, ഐ.പി നമ്പർ,ജനനത്തീയതി, ഓപ്പറേഷൻ ഭാഗം, അണുബാധ നിയന്ത്രണം എന്നിവ പരിശോധിച്ച് ഉറപ്പാക്കണം. മരുന്നുകളുടെ അലർജി വിവരങ്ങൾ കേസ് ലിസ്റ്റ് നോക്കി വ്യക്തതവരുത്തിയ ശേഷം അനസ്തേഷ്യ നൽകണം
2.ശസ്ത്രക്രിയയ്ക്ക് മുമ്പ് സർജൻ അതേക്കുറിച്ച് ടെക്‌നീഷ്യൻ, അനസ്തേഷ്യ ടീം, നഴ്‌സുമാർ, എന്നിവരോട് സംസാരിക്കുന്ന ഘട്ടമാണ് ടൈം ഔട്ട്. രോഗിയുടെ വിവരങ്ങൾ പരിശോധിക്കണം.അലർജികൾ, നേരത്തെ കഴിച്ച മരുന്നുകൾ എന്നിവയെക്കുറിച്ച് ഒരിക്കൽക്കൂടി വ്യക്തതവരുത്തണം.
3.ശസ്ത്രക്രിയയ്ക്കുശേഷം രോഗിയെ മാറ്റുന്ന ഘട്ടമാണ് സൈൻ ഔട്ട്. ഓപ്പറേഷൻ തിയേറ്ററിലെ നഴ്സുമാർക്കാണ് ഉത്തരവാദിത്വം. ശസ്ത്രക്രിയ ഉപകരണങ്ങൾ, ഡിസ്പോസ് ചെയ്‌ത വസ്‌തുക്കളുടെയും രക്തം തുടയ്ക്കുന്ന തുണി എന്നിവയുടെയും കണക്കെടുപ്പ് നടത്തണം. ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ സാമഗ്രികളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്കുശേഷം അതുനോക്കി ഉറപ്പാക്കി ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top