‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം’; ജയിലിൽ കഴിയാൻ മോഷണം, യുവാവ് പിടിയിൽ

തിരുവനന്തപുരം: എങ്ങിനെയെങ്കിലും പൊലീസിൻ്റെ പിടിയിലായി ജയിലിൽ കിടക്കാൻ ശ്രമിക്കുന്ന ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തെ പോലെയാണ് കോവളത്ത് കഴിഞ്ഞ ദിവസം മോഷണക്കേസിൽ പിടിയിലായ ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46). ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താൻ വീണ്ടും വീണ്ടും മോഷ്‌ടിക്കുന്നതെന്നാണ് ദിലീപ് ഖാൻ പൊലീസിനോടു പറഞ്ഞത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു പലയിടത്തു നിന്നും ശല്യങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും ഇതിനാലാണ് വീണ്ടും മോഷണം നടത്തി ജയിൽ വാസമുറപ്പാക്കുന്നതെന്നും ഇയാൾ പറഞ്ഞുവെന്നും പൊലീസ് അറിയിച്ചു.മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് ഖാൻ ആണ് വീണ്ടും ജയിലിലേക്ക് മടങ്ങാനായി മോഷണം നടത്തി പൊലീസിന്റെ പിടിയിലായത്. ജയിലിലെ ചിട്ടയായ ജീവിതവും വൃത്തിയുള്ള ഭക്ഷണവും നല്ല ചികിത്സയും തനിക്ക് ഇഷ്‌ടമാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൂടാതെ ജയിൽ അടുക്കളയിലെ സീനിയർ മേസ്‌തിരി കൂടിയായ ഇയാൾക്ക് അവിടെ ലഭിക്കുന്ന ജോലിക്കൂലിയും ആകർഷണമായി. ഈ സൗകര്യങ്ങൾ വീണ്ടും ആസ്വദിക്കാനായി കോവളം മേഖലയിലെ രണ്ടിടങ്ങളിൽ ഇയാൾ മോഷണം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലകളിലായി ഇരുപത്തിയൊന്നിലധികം ചെറുതും വലുതുമായ മോഷണക്കേസുകളിൽ പ്രതിയാണ് ദിലീപ് ഖാനെന്ന് പൊലീസ് അറിയിച്ചു.ബീച്ച് റോഡിലെ രണ്ടു കടകളിലാണ് ഇയാൾ ഒരേദിവസം മോഷണം നടത്തിയത്. ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ ബിജുവിന്റെ ഉടമസ്‌ഥതയിലുള്ള ക്ലാസിക് മിനി മാർക്കറ്റ് എന്ന കടയിൽ നിന്ന് 40,000 രൂപയും ഡിവിആർ കുത്തിപ്പൊളിച്ച് 5000 രൂപ വില വരുന്ന ഹാർഡ് ഡിസ്‌കുമാണ് മോഷിച്ചത്. പൊളിക്കാനുപയോഗിച്ചുവെന്നു കരുതുന്ന പിക്കാസ് കടക്കുള്ളിൽ കണ്ടെത്തി. മറ്റൊരു സംഭവത്തിൽ ഹവ്വാ ബീച്ച് റോഡിനു സമീപം ഷാനവാസിന്റെ കോഴിക്കടയിൽ നിന്നു മൊബൈൽ ഫോണുൾപ്പെടെ 13,000 രൂപ വിലയുള്ള വസ്‌തുക്കളും 44,000 രൂപയും മോഷ്‌ടിച്ചു. രാത്രിയോടെ തന്നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top