ആരാകും മുഖ്യമന്ത്രി? AICC അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം; കെ സിക്ക് 46 MLAമാരുടെ പിന്തുണ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. നിയമസഭാ കക്ഷി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശനും പിന്തുണച്ചു. എംഎൽഎമാരിൽ നിന്നും എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകർ അഭിപ്രായം തേടി. 46പേരുടെ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. എട്ട് പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചപ്പോൾ ആറ് പേർ മാത്രമാണ് വി ഡി സതീശനെ പിന്തുണച്ചത്. മൂന്ന് പേർ ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും നിരീക്ഷകരെ അറിയിച്ചു.
മുഖ്യമന്ത്രി ചർച്ചയോട് വി ഡി സതീശൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന നിലപാട് വി ഡി സതീശൻ നിരീക്ഷരെ അറിയിച്ചുവെന്നാണ് സൂചന. എംഎൽഎമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും വി ഡി സതീശൻ അറിയിച്ചു.അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ബാനറുകൾ സജീവമാവുകയാണ്. കൊല്ലം പത്താപുരത്ത് വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ്‌ ബോർഡുകൾ ഉയർന്നു. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന വാചകങ്ങളുള്ള ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കെപിസിസി ആസ്ഥാനത്തിൻ്റെ മുന്നിൽ കെസി വേണുഗോപാലിൻ്റെ ഫ്‌ലക്‌സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. വി വാണ്ട് കെ സി എന്ന തലക്കെട്ടിലാണ് ഫ്ലക്സ‌് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.കെസി വേണുഗോപാലിനെതിരെ സ്വന്തം തട്ടകമായ ആലപ്പുഴയിൽ ഡിസിസി ഓഫീസിനു മുന്നിലും ബാനർ ഉയർന്നു. കോൺഗ്രസ് സഹയാത്രികർ എന്ന പേരിൽ പത്തോളം ബാനറുകൾ ആണ് നഗരത്തിൽ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയിൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക. മുഖ്യമന്ത്രിയാകാനുള്ള കെസി വേണു ഗോപാലിന്റെ ശ്രമങ്ങൾ അതിമോഹമാണെന്നുമായിരുന്നു ബാനറിലെ വാചകങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top