പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിക്കെതിരെ നടപടി. പി കെ ശശിയെ സിപിഐഎം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാർട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂർണ അധികാരം പാർട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീർഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സിപിഐഎമ്മിനോട് എതിർത്തുനിൽക്കുന്നവർ ഒത്തുചേർന്ന പരിപാടിയിൽ പി കെ ശശി പങ്കെടുത്തത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമായിരുന്നു പി കെ ശശി ഉന്നയിച്ചത്. പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരൻ കയറിയിരിക്കുന്നതെന്ന് പി കെ ശശി പറഞ്ഞു. ജില്ലാ സെക്രട്ടറി സഖാക്കളെ തമ്മിൽ തല്ലിക്കുകയാണ്. ജില്ലാ സെക്രട്ടറി കാരണം പലരും പാർട്ടി വിരോധികളായി മാറി. മറ്റ് പാർട്ടികളിലേക്ക് പോയി. ഏഴ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങൾ തങ്ങൾക്കൊപ്പമുണ്ട്. സ്‌പിരിറ്റ് കച്ചവടക്കാരനെ വേണ്ടെന്ന് പറഞ്ഞ് സിപിഐഎം സംസ്ഥാന നേതൃത്വം തിരുത്തിയാൽ പാർട്ടിയിലേക്ക് വരും. ചെങ്കൊടി പിടിക്കുമെന്നും പി കെ ശശി പറഞ്ഞു.
പി കെ ശശിയെ സിപിഐഎം പുറത്താക്കി


