‘എണ്ണവില ഇനി ഉയരും’, ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാൻ

ടെഹ്റാൻ: ഇറാൻ- അമേരിക്ക ഇസ്രായേൽ യുദ്ധം കൂടുതൽ കലുഷിതമാകുന്നതിനിടെ
അന്താരാഷ്ട്ര വിപണിയിൽ അതിരൂക്ഷമായ രീതിയിൽ എണ്ണ വിലവർധന ഉണ്ടാകുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകൾ കടത്തിവിടില്ലെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. അമേരിക്ക, ഇസ്രായേൽ അവരുടെ സഖ്യകക്ഷി രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾ തങ്ങൾ ലക്ഷ്യം വെക്കുമെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വക്താവ് വ്യക്തമാക്കി.മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എണ്ണവില കൃത്രിമമായി കുറയ്ക്കാൻ കഴിയില്ല. മേഖലയിലെ സുരക്ഷയെ ആശ്രയിച്ചാണ് എണ്ണവില നിലനിൽക്കുന്നതെന്നും ഐആർജിസി പ്രസ്‌താവനയിൽ പറഞ്ഞു. ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം തുടരുന്നതാണ് വിപണിയിലെ അനിശ്ചിതത്വത്തിന് കാരണം.
ഒത്തുതീർപ്പിലേക്ക് എത്താത്ത സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ ശക്തമായേക്കും. കടലിടുക്കിൽ അപകടസാധ്യത നിലനിൽക്കുമ്പോഴും ബുധനാഴ്‌ച മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. എന്നാൽ, ഇത്രയും വലിയ സുരക്ഷാ ഭീഷണികൾ നിലനിൽക്കുമ്പോഴും കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തുടരണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top