നിതിൻ രാജിൻ്റെ മരണം; മുൻകൂർ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീതയും. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നിതിൻ്റെ മരണത്തിൽ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പിൻ്റെ ഭീഷണി മൂലമാണെന്നും അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. സംഭവദിവസം പ്രിൻസിപ്പലിന്റെ റൂമിൽ താൻ ഇല്ലായിരുന്നുവെന്നും റാം പറഞ്ഞു.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളുമുണ്ടായിരുന്നു.ഡോ. റാമും സംഗീതയും ഒളിവിൽ തുടരുകയാണ്. ഇരുവരെയും പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. എംകെ റാമിനെയും സംഗീതയെയും കോളേജ് സസ്പെൻഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെ നിതിൻ രാജിൻ്റെ മരണത്തിൽ ദന്തൽ കോളേജ് പ്രിൻസിപ്പലിനോട് ദേശീയ ദന്തൽ കമ്മീഷൻ റിപ്പോർട്ട് തേടി.
നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്‌ണൻ്റെ പരാതിയിലാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top