കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകൾ ഉണ്ടാക്കുന്ന സംഘം അറസ്റ്റിൽ. അവയവദാന റാക്കറ്റിൻ്റെ ഏജന്റ്റ് ആയ പ്രധാന പ്രതി കാസർകോട് സ്വദേശി നജീമിനെ സഹായിച്ച കുന്നത്തുനാട് സൺ കമ്മ്യൂണിക്കേഷൻസ് ഉടമ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് എന്നെ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. നജീബാണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. എംപിമാർ, എംഎൽഎമാർ എന്നിവരുടെ പേരിലുള്ള വ്യാജ ശുപാർശ കത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. നജീമിനായി പൊലീസ് വലവിരിച്ചിട്ടുണ്ട്. നജീമും ഭാര്യയമാണ് കേസിലെ പ്രധാന കണ്ണികൾ. ഭാര്യ വക്കീൽ ആണെന്നാണ് പൊലീസ് പറയുന്നത്. ഈ ഐഡൻറിറ്റി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.ഇവർക്കുള്ള വ്യാജ രേഖകൾ നിർമ്മിക്കാൻ സഹായിച്ചിരുന്നത് സണ്ണി വർഗീസും ഭാര്യ സിനി വർഗീസുമായിരുന്നു. ഇവരുടെ കമ്പ്യൂട്ടറിൽ നിന്നും നിരവധി രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുന്നത്തുനാട് പള്ളിക്കരയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലെ ജീവനക്കാരൻ സനോജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് രേഖകൾ കൃത്രിമമായി നിർമ്മിക്കാൻ ഇവരെ സഹായിച്ചത് സനോജ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.സ്റ്റുഡിയോയിലെ കമ്പ്യൂട്ടറിൽ നിന്നും വ്യാജ രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സണ്ണി വർഗീസിന്റെ ഡിടിപി സെന്ററിൽ നിന്നും സ്റ്റുഡിയോയിൽ നിന്നുമായി സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റർ പാഡ്, വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നതിനുള്ള രേഖകൾ, മെഡിക്കൽ ലാബ് റിപ്പോർട്ട് കൃത്രിമമായി നിർമ്മിക്കുന്നതിനായി ലാബുകളുടെ ലെറ്റർപാടുകളും കണ്ടെത്തി. പ്രധാന പ്രതി നജീമുമായി ഇവർ നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞു എന്നാണ് വിവരം.
അവയവദാനത്തിന് എംപിമാരുടെയും എംഎൽഎമാരുടെയും പേരിൽ വ്യാജ ശുപാർശ കത്ത്; പിന്നിൽ വൻ റാക്കറ്റ്, നാല് പേർ പിടിയിൽ


