കാസർകോട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കടന്ന മോഷ്ടാവ് വയോധികയെ മുറിയിൽ പൂട്ടിയിട്ട ശേഷം പണവും കമ്മലും മൊബൈൽ ഫോണുമായി കടന്നു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടോളി, തൊടുവളം, മാത്രാടൻ ഹൗസിലെ എം നാരായണി (73)യാണ് അതിക്രമത്തിനു ഇരയായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാൽ മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകളുടെ വീട്ടിൽ എത്തിയതായിരുന്നു പരാതിക്കാരി. ഈ സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന കണ്ടാൽ അറിയാവുന്ന ഒരാൾ നാരായണിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നു പറയുന്നു. അതിനു ശേഷം അലമാര തുറന്ന് അകത്തുണ്ടായിരുന്ന 10000 രൂപ കൊള്ളയടിച്ചു. ആഭരണങ്ങൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. തുടർന്ന് നാരായണിയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയ ശേഷം കമ്മലുകൾ ഊരിയെടുക്കുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു. നാരായണിയുടെ മൊബൈൽ ഫോണും കൈക്കലാക്കിയാണ് അക്രമി സ്ഥലം വിട്ടതെന്നു പരാതിയിൽ പറഞ്ഞു.
വിവരമറിഞ്ഞ് ചീമേനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിയെ കണ്ടാൽ അറിയാമെന്നു നാരായണി പറയുന്നു. സംഭവ സമയത്ത് വീട്ടിൽ വയോധികമാത്രമേ ഉള്ളൂവെന്ന് കൃത്യമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവർച്ച നടത്തിയതെന്നു പൊലീസ് സംശയിക്കുന്നു.
ചീമേനി, പുലിയന്നൂരിൽ റിട്ട. അധ്യാപിക ജാനകി ടീച്ചറെ കഴുത്തറുത്തുകൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായത് 2017 ഡിസംബർ 13ന് ആയിരുന്നു. 13 പവൻ സ്വർണ്ണാഭരണങ്ങളും 50,000രൂപയും കൈക്കലാക്കുന്നതിനു വേണ്ടിയാണ് അന്ന് ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥികളായ ഒരു സംഘം ക്രൂരമായ കൊലപാതകം നടത്തിയത്.
നാടിനെ നടുക്കിയ പ്രസ്തുത കേസിലെ പ്രതികളായ അരുൺ, വിശാഖ് എന്നിവരെ ജില്ലാ സെഷൻസ് കോടതി ഇരട്ട ജീവ പര്യന്തത്തിനും 17വർഷം കഠിന തടവിനും ശിക്ഷിച്ചിരുന്നു.
വയോധികയെ മുറിയിൽ പൂട്ടിയിട്ട് അലമാരയിൽ നിന്നു 10000 രൂപ കവർന്നു; തുടർന്ന് കഴുത്തിൽ കത്തി വച്ച് കമ്മലുകൾ ഊരിയെടുത്തു, പട്ടാപ്പകൽ, നാടിനെ നടുക്കിയ കവർച്ച ചീമേനിയിൽ


