കൊച്ചി: സിഎംആർഎൽ-എക്സ്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ കണ്ടുകെട്ടൽ നടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടും. ഇതിനായി അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി മുൻപാകെ റിപ്പോർട്ട് നൽകും. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ തുടർന്നും കൈവശം വയ്ക്കുന്നത് സംബന്ധിച്ചും റിപ്പോർട്ട് നൽകും.
എക്സാലോജിക് ഉടമ വീണ ടിയുടെ എച്ച്‌ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടും മരവിപ്പിച്ചിരുന്നു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് ലോക്കർ ഉടൻ തുറന്നുപരിശോധിക്കും. ചോദ്യം ചെയ്യലിന് മുന്നോടിയായി തുറന്നുപരിശോധിക്കാനാണ് നീക്കം.കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിന്റെ അപ്പീൽ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. ഇഡിയുടേത് തീർപ്പാക്കിയ കേസിലെ അന്വേഷണമെന്ന സിഎംആർഎൽ വാദം ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന് കീഴിലുള്ള ഇന്ററിം സെറ്റിൽമെൻ്റ് ബോർഡ് തീർപ്പാക്കായ കേസ് ഇഡിക്ക് അന്വേഷിക്കാമെന്നാണ് ഹൈക്കോടതിയുടെ നിരീഷണം. നികുതി തർക്കം തീർപ്പാക്കിയാലും കള്ളപ്പണ ഇടപാട് അന്വേഷിക്കാമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.അന്വേഷണത്തിനുള്ള ഇഡിയുടെ അധികാരം ഇല്ലാതാകുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി, സമ്പത്ത് നികുതി നിയമങ്ങളിലെ നടപടികളിൽ നിന്ന് മാത്രമാണ് നിയമ പരിരക്ഷ.ഇഡി അന്വേഷിക്കുന്നത് പിഎംഎൽഎ നിയമപ്രകാരമെന്നും ഹൈക്കോടതി വ്യക്തമാക്കിയ പിഎംഎൽഎ നിയമം നടപ്പാക്കുന്നതിന് അതിൻതായ സംവിധാനമുണ്ടെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തിനെക്കുറിച്ചാണ് ഇഡി അന്വേഷണമന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. വരുമാനം വെളിപ്പെടുത്താത്തതും നികുതിയടയ്ക്കാത്തതും പിഴയടയ്ക്കുന്നതും ഇതിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ നീരീക്ഷിച്ചിട്ടുണ്ട്.
CMRL-എക്സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ED


