കണ്ണൂർ: സിഎംആർഎൽ- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിലും നടന്ന ഇഡി പരിശോധന അവസാനിച്ചു. രാവിലെ 8.30 മണിയോടെ ആരംഭിച്ച പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താനായില്ലെന്ന് പറയുന്നു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് 12 ഇടങ്ങളിലായി ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കനത്ത സുരക്ഷയിലാണ് ഉദ്യോഗസ്ഥർ വീടിന് പുറത്തിറങ്ങിയത്.
കണ്ണൂരിലെയും കോഴിക്കോട്ടെയും ഇഡി പരിശോധന അവസാനിച്ചു; രേഖകൾ കണ്ടെത്താനായില്ലെന്ന് സൂചന; കൂവി വിളിച്ച് പ്രവർത്തകർ


